ശൈത്യകാല കുളിർ; മഞ്ഞണിഞ്ഞ പുലരികൾ തണുത്ത രാത്രികൾ
text_fieldsമഞ്ഞുമൂടിയ കെട്ടിടങ്ങൾ. കുവൈത്ത് സിറ്റിയിൽ നിന്നുള്ള കാഴ്ച
കുവൈത്ത് സിറ്റി: ശൈത്യകാലത്തെ വരവേറ്റ് രാജ്യം. രണ്ടുദിവസങ്ങളിലായി തുടർന്ന മഴ വെള്ളിയാഴ്ച ശമിച്ചെങ്കിലും തണുപ്പ് വർധിച്ചു.
വെള്ളിയാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞും രൂപപ്പെട്ടു. ഇടതൂർന്ന മഞ്ഞുപാളികൾക്കിടയിൽ അംബരചുംബികളായ കെട്ടിടങ്ങൾ ഉയർന്നുനിൽക്കുന്ന അപൂർവവും സുന്ദരവുമായ ദൃശ്യങ്ങൾ ഇവ സൃഷ്ടിച്ചു. രാജ്യത്ത് ശൈത്യകാലത്തിന്റെ തുടക്കത്തിന്റെ സൂചനയായാണ് കനത്തമഞ്ഞിന്റ സാന്നിധ്യത്തെ കണക്കാക്കുന്നത്. അന്തരീക്ഷത്തിലെ താപനിലയുടെ ഏറ്റക്കുറച്ചിലുകളുമായി ബന്ധപ്പെട്ട സീസണൽ കാലാവസ്ഥാപ്രതിഭാസമാണിത്.
അതേസമയം, രാജ്യത്ത് രണ്ടുദിവസമായി തുടരുന്ന മഴക്ക് വെള്ളിയാഴ്ച ശമനമായി. വെള്ളിയാഴ്ച അന്തരീക്ഷം തെളിച്ചമുള്ളതായിരുന്നു. മഴ താപനിലയിൽ വലിയ കുറവുണ്ടാക്കി.
വെള്ളിയാഴ്ച പകൽ പരമാവധി താപനില 20 ഡിഗ്രി സെൽഷ്യസായിരുന്നു. രാത്രി താപനിലയിൽ വലിയ കുറവുണ്ടായി. ചില പ്രദേശങ്ങളിൽ മൂടൽമഞ്ഞും രൂപപ്പെട്ടു. ഇത് തണുപ്പുനിറഞ്ഞ അന്തരീക്ഷത്തെ സൃഷ്ടിച്ചു.
അടുത്തദിവസങ്ങളിൽ രാജ്യത്തുടനീളം നേരിയതോ ഇടവിട്ടതോ ആയ മഴക്ക് സാധ്യതയുണ്ട്. പുലർച്ചയും വൈകീട്ടും മൂടൽമഞ്ഞും തുടരും. ശനിയാഴ്ച നേരിയ കാലാവസ്ഥയും ഭാഗികമായി മേഘാവൃതവുമായിരിക്കും. പരമാവധി താപനില 21 ഡിഗ്രി സെൽഷ്യസിനും 23 ഡിഗ്രി സെൽഷ്യസിനും ഇടയിൽ പ്രതീക്ഷിക്കുന്നു. രാത്രി തണുപ്പുള്ളതും ഭാഗികമായി മേഘാവൃതവുമായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

