പറന്നെത്തുന്ന സൗന്ദര്യം...; ശൈത്യകാല പക്ഷികളുടെ എണ്ണമെടുക്കൽ ദിനം സംഘടിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: അപൂർവ ദേശാടനപ്പക്ഷികളുടെയും തദ്ദേശീയ വിഭാഗങ്ങളുടെയും ആവാസകേന്ദ്രമാണ് കുവൈത്ത്. കുവൈത്ത് ബീച്ചുകളിലും തടാകങ്ങളിലും ഇവ വിരുന്നെത്തുകയും സ്ഥിരമാക്കുകയും ചെയ്യുന്നു. ഇവയുടെ കണക്ക് എടുക്കുന്നതിന്റെ ഭാഗമായി കുവൈത്ത് പരിസ്ഥിതി സംരക്ഷണ സൊസൈറ്റി (കെ.ഇ.പി.എസ്) സുലൈബിഖാത്ത് ബീച്ചിൽ ‘ലോക ശൈത്യകാല പക്ഷികളുടെ എണ്ണമെടുക്കൽ ദിനം’ പരിപാടി സംഘടിപ്പിച്ചു.
സർക്കാർ, സാമൂഹിക സംഘടനകൾ, സന്നദ്ധസംഘങ്ങൾ, നയതന്ത്ര സേനാംഗങ്ങൾ എന്നിവരുടെ വിപുലമായ പങ്കാളിത്തം പരിപാടിയിൽ ഉണ്ടായി. പക്ഷിനിരീക്ഷകർ, പരിസ്ഥിതി വിദഗ്ധർ, ഫോട്ടോഗ്രാഫി പ്രേമികൾ, വിദ്യാർഥി ഗ്രൂപ്പുകൾ എന്നിവർ പങ്കെടുത്തു. ഫോട്ടോ പ്രദർശനം, ബീച്ച് വൃത്തിയാക്കൽ കാമ്പയിൻ എന്നിവയും ഇതിനൊപ്പം നടന്നു.
ഫീൽഡ് നിരീക്ഷണത്തിൽ 1406 പക്ഷികളെ രേഖപ്പെടുത്തിയതായി കെ.ഇ.പി.എസ് അറിയിച്ചു. ഡൺലിൻ -500, ബ്ലാക്ക്-ഹെഡഡ് ഗൾ -300, ഗ്രേറ്റർ ഫ്ലമിംഗോ-200, കോമൺ റെഡ്ഷാങ്ക് -200, കെന്റിഷ് പ്ലോവർ -50, മല്ലാർഡ് -30 തുടങ്ങിയ ദേശാടനപ്പക്ഷികളാണ് കൂടുതലായി കണ്ടെത്തിയത്. ഗ്രേ ഹെറോൺ, ഗ്രേ പ്ലോവർ, ലാഫിങ് ഡവ്, കോമൺ ഷെൽഡക്ക്, സ്ലെൻഡർ-ബിൽഡ് ഗൾ, കോമൺ റിംഗഡ് പ്ലോവർ തുടങ്ങി മറ്റ് നിരവധി ഇനങ്ങളും പട്ടികയിൽ ഉൾപ്പെടുന്നു.
ഉയർന്ന വേലിയേറ്റ സാഹചര്യങ്ങൾ മുതലെടുത്ത് ജനുവരിയിലെ മൂന്നാം ശനിയാഴ്ചയാണ് കെ.ഇ.പി.എസ് പരിപാടി സംഘടിപ്പിക്കാറ്. ഇത് കടൽപ്പക്ഷികളെ കരയിലേക്ക് അടുപ്പിക്കുന്നു. ഇതുവഴി നിശ്ചിത നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്ന് കൃത്യമായ എണ്ണൽ സാധ്യമാകും. പാരിസ്ഥിതിക അവബോധം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തെ ദേശാടന, സ്ഥിരം പക്ഷിമൃഗാദികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഉണർത്തുന്നതിന്റെയും ഭാഗമായാണ് ഈ പ്രവർത്തനമെന്ന് കെ.ഇ.പി.എസ് ചെയർമാൻ ഡോ. വിജ്ദാൻ അൽ ഔഖാബ് പറഞ്ഞു.
പ്രദേശത്തെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിന് ബീച്ചുകൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും മാലിന്യങ്ങളും പ്ലാസ്റ്റിക്കും കുറക്കേണ്ടതിന്റെയും പ്രാധാന്യവും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

