വോട്ടവകാശം നഷ്ടപ്പെടുമോ? എസ്.ഐ.ആർ: ആശങ്ക രേഖപ്പെടുത്തി പ്രവാസി സംഘടനകൾ
text_fieldsകുവൈത്ത് സിറ്റി: കേരളത്തിൽ തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം (എസ്.ഐ.ആർ) നടപ്പാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ നടപടികൾ ആരംഭിച്ചതോടെ ആശങ്ക അറിയിച്ച് പ്രവാസി സംഘടനകൾ. എസ്.ഐ.ആര് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിൽ നാട്ടിൽ ഇല്ലാത്തത് പ്രവാസി വോട്ടർമാർക്ക് തിരിച്ചടിയാകുമെന്നും പ്രവാസി വോട്ടവകാശത്തെ ബാധിക്കുമെന്നും വിവിധ സംഘടനകൾ ചൂണ്ടിക്കാട്ടി.
പ്രവാസി വോട്ടവകാശത്തെ ബാധിക്കും- കെ.എം.സി.സി
തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം പ്രവാസികളുടെ വോട്ടവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കുവൈത്ത് കെ.എം.സി.സി ബൂത്ത് ലവൽ ഓഫിസർമാർ വീടുകൾ കയറി വോട്ടർമാരുടെ വിവര ശേഖരണം നടത്തിയാണ് എസ്.ഐ.ആർ തയാറാക്കുന്നത്. ഇക്കാരണത്താൽ നാട്ടിലില്ലാത്ത പ്രവാസി വോട്ടർമാരുടെ വിവരങ്ങൾ പട്ടികയിൽ ഉൾപ്പെടുത്തപ്പെടാനിടയില്ല. പ്രവാസികൾക്കായി ഓൺലൈൻ എസ്.ഐ.ആർ ഏർപ്പെടുത്തി ഈ വിഷയത്തിലുള്ള ആശങ്ക അകറ്റണമെന്ന് കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ തങ്ങൾ, ജന. സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ ആവശ്യപ്പെട്ടു.
വോട്ടവകാശം ഉറപ്പാക്കണം-പ്രവാസി വെൽഫെയർ
എസ്.ഐ.ആർ പ്രവാസികളുടെ വോട്ടവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രവാസി വെൽഫെയർ സാമൂഹിക വിഭാഗം വ്യക്തമാക്കി.
വീടുകൾതോറുമുള്ള പരിശോധനയിൽ സ്ഥലത്തില്ലാത്തതിനാൽ ലക്ഷക്കണക്കിന് മലയാളികളുടെ പേര് വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യപ്പെടാൻ ഇടയുണ്ട്.
വോട്ടർമാർ അവരുടെ പേരുകൾ 2002-2005 കാലയളവിലെ പഴയ വോട്ടർപട്ടികയുമായി ബന്ധിപ്പിക്കണമെന്ന നിബന്ധന പ്രവാസി കുടുംബങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുന്നതാണ്. ഇത് സാങ്കേതികപരമായ കാരണങ്ങളാൽ വോട്ടർ പട്ടികയിൽനിന്ന് വലിയ തോതിലുള്ള ഒഴിവാക്കലുകൾക്ക് വഴിയൊരുക്കും.
പ്രവാസികൾക്ക് വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയിൽ പ്രത്യേക ഇളവുകൾ അനുവദിക്കണമെന്നും, ഓൺലൈൻ മുഖേന രേഖകൾ സമർപ്പിക്കാനുള്ള ലളിതമായ സംവിധാനവും ഒരുക്കണം. നാട്ടിൽ ഹാജരില്ലാത്തതിന്റെ പേരിൽ ഒരൊറ്റ യോഗ്യതയുള്ള വോട്ടറെയും ഒഴിവാക്കരുത്.പൗരാവകാശ സംരക്ഷണത്തിന് പ്രാധാന്യം നൽകണമെന്നും പ്രവാസി വെൽഫെയർ കുവൈത്ത് ആവശ്യപ്പെട്ടു.
ഗൂഢാലോചന തിരിച്ചറിയണം - ജെ.സി.സി
കേരളത്തിലെ നല്ലൊരു ശതമാനം ആളുകൾ പ്രവാസികളാണ്. തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണം ഇവർക്ക് തിരിച്ചടിയാകുമെന്ന് ജനത കൾചറൽ സെന്റർ (ജെ.സി.സി) കുവൈത്ത് എക്സിക്യൂട്ടിവ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
രണ്ട് തെരഞ്ഞെടുപ്പുകൾ തൊട്ടടുത്ത് വന്നിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ ധൃതിപിടിച്ച് വോട്ട് പരിഷ്കരണം കൊണ്ടുവരുന്നതിന് പിന്നിലുള്ള ഗൂഢാലോചനയിൽ പ്രവാസി സമൂഹം ജാഗരൂകരായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.
നവംബർ ഏഴിന് കുവൈത്തിലെത്തുന്ന കേരള മുഖ്യമന്ത്രിയുടെ പരിപാടി വിജയിപ്പിക്കാനും, കുവൈത്തിലെ ലേബർ ക്യാമ്പുകളിലും മറ്റും ജോലി ചെയ്യുന്ന ബീഹാറികളെ കണ്ട് 'ഇൻഡ്യ' മുന്നണിക്ക് വോട്ട് അഭ്യർഥിക്കുവാനും തീരുമാനിച്ചു.മണി പാനൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കോയ വേങ്ങര ഉദ്ഘാടനം ചെയ്തുറഷീദ് കണ്ണവം, ഷൈജു ഇരിഞ്ഞാലക്കുട, ഉമ്മർ, അതുൽ, ഫൈസൽ തിരൂർ എന്നിവർ സംസാരിച്ചു.സമീർ കൊണ്ടോട്ടി സ്വാഗതവും അനിൽ കൊയിലാണ്ടി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

