പുതിയ സർക്കാർ പ്രവാസികളോടുള്ള അവഗണന തിരുത്തുമോ?
text_fieldsഅബ്ദുൽ റസാഖ്
കുമരനെല്ലൂർ
കേരളത്തിൽ വി.ഡി.സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ പ്രവാസികളുടെ സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുമോ? മലയാളി പ്രവാസി സമൂഹം കാത്തിരിക്കുന്നത് ഇതിനായുള്ള ഉത്തരത്തിനാണ്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിർത്തുന്ന പ്രവാസികളോട് മുൻ ഭരണകൂടങ്ങൾ കാണിച്ച അവഗണന തിരുത്താൻ പുതിയ സർക്കാറിന് ഉത്തരവദിത്തമുണ്ട്. പ്രവാസികൾ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ദുരന്തം അനിയന്ത്രിതവും അമിതവുമായ വിമാന ടിക്കറ്റ് നിരക്കാണ്.
സ്കൂൾ അവധിക്കാലങ്ങളിലും ഉത്സവ സീസണുകളിലും ഗൾഫ് രാജ്യങ്ങളിലേക്ക് വിമാനക്കമ്പനികൾ ഈടാക്കുന്ന ഭീമമായ തുക സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബഡ്ജറ്റുകളെ പൂർണ്ണമായും തകിടം മറിക്കുന്നുണ്ട്. കഷ്ടപ്പെട്ടുണ്ടാക്കുന്ന സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് നാട്ടിൽ വന്നുപോകാനായി മാത്രം നീക്കിവെക്കേണ്ടി വരുന്നു. ഈ ചൂഷണത്തിന് അറുതി വരുത്താൻ സർക്കാർ ശ്രമിക്കണം. കേന്ദ്ര സർക്കാരുമായും വിമാനക്കമ്പനികളുമായും ചർച്ചകൾ നടത്തി വിമാന സർവീസുകൾ കാര്യക്ഷമമാക്കുക, നിരക്ക് നിയന്ത്രണത്തിന് നിയമപരമായ വഴികൾ തേടുക തുടങ്ങിയവ മുഖ്യമന്ത്രിയുടെ നേരിട്ടുള്ള നേതൃത്വത്തിൽ ഉണ്ടാകണം.
പ്രവാസികളുടെ പുനരധിവാസം, തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തുന്നവർക്കുള്ള സാമ്പത്തിക സഹായ പദ്ധതികൾ, വിദേശങ്ങളിലെ ജയിൽ മോചനം, പ്രവാസി പെൻഷൻ കൃത്യമായി വിതരണം ചെയ്യൽ തുടങ്ങിയ പ്രശ്നങ്ങൾ വേറെയുമുണ്ട്. പ്രതിപക്ഷ നേതാവായിരുന്നപ്പോൾ പ്രവാസി ചൂഷണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ വി.ഡി.സതീശൻ ഭരണതലപ്പത്ത് എത്തുമ്പോൾ ഈ പ്രശ്നങ്ങൾക്കെല്ലാം ശാശ്വത പരിഹാരം കാണുമെന്ന് പ്രവാസികൾ പ്രതീക്ഷിക്കുന്നു. പ്രവാസി വകുപ്പിനെ ഒരു കേന്ദ്ര ഓഫീസും ജില്ലാ തലങ്ങളിൽ ഓഫിസുകളുമായി പ്രവർത്തനക്ഷമമാക്കുകയും പ്രവാസി വകുപ്പ് വിഷയങ്ങളിൽ കൃത്യതയോടെ ഇടപ്പെട്ട് ദുരിതങ്ങൾക്കും ചൂഷണങ്ങൾക്കും പരിഹാരം കാണുന്നതും പ്രവാസികൾ പ്രതീക്ഷിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

