ലഹരിസംഘത്തെ ശക്തമായി നേരിടും; പുതിയ മയക്കുമരുന്ന് വിരുദ്ധ നിയമം ശക്തമായ പ്രതിരോധം -മന്ത്രി
text_fieldsശൈഖ് ഫഹദ് യൂസുഫ്
സഊദ് അസ്സബാഹ്
കുവൈത്ത് സിറ്റി: മയക്കുമരുന്ന്, സൈക്കോട്രോപിക് വസ്തുക്കൾ എന്നിവക്കെതിരെയുള്ള കുവൈത്തിന്റെ പോരാട്ടത്തിൽ പുതിയ നിയമം വലിയ മുന്നേറ്റമാണെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹ്. മയക്കുമരുന്നിനെതിരായ പോരാട്ടത്തിൽ ആഭ്യന്തര മന്ത്രാലയം ശക്തമാണ്.
സാമൂഹിക സുരക്ഷക്ക് ഭീഷണിയാകുന്ന ഒരു കാര്യത്തോടും സഹിഷ്ണുത കാണിക്കില്ല. എല്ലാത്തരം മയക്കുമരുന്ന്, സൈക്കോട്രോപിക് കുറ്റകൃത്യങ്ങളിലും പുതിയ നിയമം ശിക്ഷകൾ കർശനമാക്കുന്നു. മയക്കുമരുന്ന് ഇറക്കുമതി, കള്ളക്കടത്ത്, വിൽപ്പന, പ്രചാരം തുടങ്ങിയ കുറ്റങ്ങൾക്ക് രണ്ട് ദശലക്ഷം ദീനാർ വരെ പിഴയും ജീവപര്യന്തം തടവും വധശിക്ഷയും വരെ ലഭിക്കാം. പ്രായപൂർത്തിയാകാത്തവരെ ചൂഷണം ചെയ്യൽ, ചികിത്സാ, പുനരധിവാസ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ, കായിക സൗകര്യങ്ങൾ, ജയിലുകൾ എന്നിവിടങ്ങളിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് കർശനമായ ശിക്ഷകൾ ചുമത്തും.
മയക്കുമരുന്ന് ഉപയോഗത്തിന് നിർബന്ധിക്കുക, ക്രിമിനൽ സംഘങ്ങൾ രൂപവത്കരിക്കുകയോ നടത്തുകയോ ചെയ്യുക, മയക്കുമരുന്ന് മറച്ചുവെക്കുകയോ സൂക്ഷിക്കുകയോ ചെയ്യുക, കുറ്റകൃത്യങ്ങൾക്ക് സൗകര്യമൊരുക്കുന്നതിനായി പൊതു ഓഫീസ് ദുരുപയോഗം ചെയ്യുക എന്നിവയും ഗൗരവ കുറ്റമാണ്. അടുത്തിടെ വൻതോതിൽ മയക്കുമരുന്ന് പിടിച്ചെടുക്കുകയും കള്ളക്കടത്ത് ശ്രമങ്ങൾ പരാജയപ്പെടുത്തുകയും ചെയ്തതായും മന്ത്രി ചൂണ്ടിക്കാട്ടി.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 14 ദിവസത്തിന് ശേഷം നിയമം പ്രാബല്യത്തിൽ വരും. ‘മാതൃരാജ്യത്തെ സംരക്ഷിക്കുക’ എന്ന മുദ്രാവാക്യത്തിൽ നിയമം, ശിക്ഷകൾ, ചികിത്സാ ഓപ്ഷനുകൾ എന്നിവയെക്കുറിച്ച് പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ജനറൽ വകുപ്പ് അവബോധ കാമ്പയിൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

