വഖഫ് ബില്ലിൽ വ്യാപക പ്രതിഷേധം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ വിയോജിപ്പുകളും പ്രതിപക്ഷ പ്രതിഷേധവും കണക്കിലെടുക്കാതെ ബി.ജെ.പി സർക്കാർ നടപ്പാക്കിയ വഖഫ് ബില്ലിൽ പ്രവാസി സംഘടനകളിൽ നിന്നും വ്യാപക പ്രതിഷേധം. ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശങ്ങളുടെയും നഗ്നമായ ലംഘനമാണ് ബില്ലെന്നും ജനങ്ങളെ വിഭജിച്ച് ലാഭം കൊയ്യാനുള്ള കേന്ദ്ര സർക്കാറിന്റെ നീക്കമാണ് ഇതിന് പിന്നിലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
ഭരണഘടന വിരുദ്ധം -കെ.ഐ.ജി
വഖഫ് ഭേദഗതി ബിൽ ഭരണഘടന ഉദ്ഘോഷിക്കുന്ന മത സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) അഭിപ്രായപ്പെട്ടു. മസ്ജിദുകൾ തകർത്തും പൗരത്വത്തെ വെല്ലുവിളിച്ചും ബുൾഡോസറുകൾ കയറ്റിയിറക്കിയും മുസ്ലിം ജനവിഭാഗത്തെ വംശീയ ഉന്മൂലനം നടത്താൻ ശ്രമിക്കുന്ന സംഘ്പരിവാർ ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ജനാധിപത്യ വിരുദ്ധ നീക്കമാണ് വഖ്ഫ് ഭേദഗതി ബിൽ.
കേന്ദ്ര സർക്കാറിന്റെ വിധേയത്വം ഭരണഘടന തത്വങ്ങളോടല്ല, വിചാരധാരയിലെ ശത്രുസംഹാര സൂക്തങ്ങളോടാണെന്ന് മനസിലാക്കാൻ മതേതര വിശ്വാസികൾ ഇനിയും വൈകിക്കൂട. അധികം വൈകാതെ പ്രസ്തുത പട്ടികയിലെ തൊട്ടടുത്ത സ്ഥാനക്കാരെ തേടി കേന്ദ്ര ഭരണകൂടം എത്തും. നിയമ പോരാട്ടങ്ങളിലൂടെയും തെരുവുകൾ പ്രക്ഷുബ്ധമാക്കിയും ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കാൻ എല്ലാ ജന വിഭാഗങ്ങളും മുന്നോട്ടുവരണമെന്നും കെ.ഐ.ജി ആവശ്യപ്പെട്ടു.
ശക്തമായ പ്രതിഷേധം അനിവാര്യം -കെ.കെ.എം.എ
ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതപരമായ സ്വാതന്ത്ര്യത്തിന്റെ വ്യക്തമായ ലംഘനമാണ് പുതിയ വഖഫ് ബില്ലെന്ന് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം.എ) അഭിപ്രായപ്പെട്ടു. കേന്ദ്ര സർക്കാറിന്റെ പുതിയ വഖഫ് ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വഖഫ് സ്വത്തുക്കൾ മുസ്ലിം സമുദായത്തിന്റെ മതപരമായ ആവശ്യങ്ങൾക്കായി സമർപ്പിക്കപ്പെട്ടതാണ്.
ഈ നിയമഭേദഗതി ആ അവകാശത്തെ തടയുകയാണ് ചെയ്യുന്നത്. പുതിയ ഭേദഗതിയിലൂടെ സർക്കാറിന് അധിക നിയന്ത്രണം നൽകുകയും വഖഫ് സ്വത്തുക്കളുടെ ഉപയോഗസ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മതസൗഹാർദ്ദവും ജനാധിപത്യ മൂല്യങ്ങളും സംരക്ഷിക്കുന്നതിനായി ഈ ഭേദഗതി പിന്വലിക്കണമെന്നും കെ.കെ.എം.എ ആവശ്യപ്പെട്ടു. ബില്ലിനെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്നും ആവശ്യപ്പെട്ടു.
മതസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റം -കെ.എം.സി.സി
വഖഫ് ഭേദഗതി നിയമം ഇന്ത്യയിലെ മത സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് കുവൈത്ത് കെ.എം.സി.സി സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. ഭരണകൂടം മതേതരമായിരിക്കണമെന്ന ഭരണഘടനാ ചട്ടങ്ങൾ മുസ്ലിംകൾക്കുനേരെയുള്ള നിയമനിർമാണങ്ങൾ വഴി ലംഘിക്കപ്പെടുകയാണ്.
മോദി സർക്കാർ അധികാരത്തിൽ വന്നത് മുതൽ മുസ്ലിംകൾക്കെതിരെ നിയമ നിർമാണങ്ങളും ഭേദഗതികളും കൊണ്ടുവരുന്നതിൽ വലിയ ആവേശമാണ് കാണിക്കുന്നത്. മുസ്ലിം വിരുദ്ധത രാജ്യത്താകമാനം പ്രസരിപ്പിക്കുകയാണ് സംഘ്പരിവാർ ഇതുവഴി ലക്ഷ്യമിടുന്നത്. മുസ്ലിംകൾക്ക് അവരുടെ വിശ്വാസ പ്രമാണങ്ങൾ അനുസരിച്ച് വഖഫ് ചെയ്ത സ്വത്തുക്കൾ കൈകാര്യം ചെയ്യാനുള്ള അവകാശത്തെ ഇല്ലാതാക്കുന്നത് നീതീകരിക്കാനാകുന്നതന്നും ആക്ടിംങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ, ട്രഷറർ ഹാരിസ് വള്ളിയോത്ത് എന്നിവർ വ്യക്തമാക്കി.
ജനകീയ പ്രതിരോധം തീർക്കണം -കെ.ഐ.സി
കുവൈത്ത് സിറ്റി: വഫഖ് ഭേദഗതി ബിൽ ഭരണഘടനാ വിരുദ്ധവും ന്യൂനപക്ഷ വിരുദ്ധവുമാണെന്ന് കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ (കെ.ഐ.സി) അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതിന്റെ മറവിൽ സാമുദായിക സ്പർധയുണ്ടാക്കാൻ വിദ്വേഷ പ്രചാരണമഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവരെ ജനം ഒറ്റപ്പെടുത്തണം.
ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ അവകാശങ്ങൾ കവർന്നെടുക്കുന്ന വഫഖ് ഭേദഗതി ബില്ലിനെതിരെ ജനകീയ പ്രതിരോധം തീർക്കാൻ രാജ്യത്തെ മുഴുവൻ മതേതരത്വ വിശ്വാസികളും ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്നും കെ.ഐ.സി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

