കേരള യുവജനത എങ്ങോട്ട്...
text_fieldsതലശ്ശേരി നാരങ്ങാപ്പുറം മണവാട്ടി ജങ്ഷനിൽ രാജസ്ഥാൻ സ്വദേശിയായ അതിഥി തൊഴിലാളിയുടെ ആറുവയസ്സുള്ള മകനെ കാറിൽ ചാരിനിന്നതിന്റെ പേരിൽ ക്രൂരമായി ആക്രമിച്ച സംഭവം അപലപനീയവും അക്രമികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുമാണ്. ഈ വാർത്ത വായിക്കവെ കുവൈത്തിൽ എത്തിയ ആദ്യ കാലം ഓർത്തു. അന്ന് വിലകൂടിയ വലിയ കാറുകൾ അദ്ഭുതമായിരുന്നു. അവയിൽ ചാരിനിന്ന് എത്രയോ തവണ ഫോട്ടോയെടുത്തിരിക്കുന്നു. അന്നും ഇന്നും ഇതിനൊന്നും ഇവിടെ തടസ്സമില്ല.
പാർക്ക് ചെയ്ത കാറിൽ ചാരിനിന്ന് സംസാരിക്കുന്നതും കുട്ടികൾ കാറിന്റെ ട്രങ്കിന് മുകളിൽ കയറി ഇരിക്കുന്നതും ഇവിടെ സാധാരണമാണ്. ഡ്രൈവർ വന്നാൽ അവർ സ്വയം മാറിനിൽക്കുകയോ, മുകളിൽനിന്ന് ഇറങ്ങി കാറിന് പോകാനുള്ള സൗകര്യം ചെയ്തുകൊടുക്കുകയോ ആണ് പതിവ്. ആർക്കും ഒരു പരാതിയും ഉണ്ടാകാറില്ല.
ഈ അടുത്ത കാലത്തായി കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന മിക്ക ക്രൂരകുറ്റകൃത്യങ്ങളിലും യുവജനങ്ങളുടെ പങ്ക് ആശങ്ക സൃഷ്ടിക്കുന്നു. തലശ്ശേരിയിൽ 20 വയസ്സുള്ള യുവാവാണ് കുട്ടിയെ ആക്രമിച്ചത്. പാറശ്ശാലയിൽ ഷാരോൺ രാജിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ ഗ്രീഷ്മയും ചെറുപ്രായക്കാരിയാണ്. കണ്ണൂർ പാനൂരിൽ പ്രേമം നിരസിച്ചതിന്റെ പേരിൽ കൊലപ്പെടുത്തിയതും യുവാക്കൾ തന്നെ.
ഇടുക്കിയിൽ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ബന്ധു നടത്തിയ കൊലപാതകവും, ഇലന്തൂരിലെ നരബലിയും, വർക്കലയിൽ കല്യാണം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയതും, കൂടത്തായി കൊലപാതക പരമ്പരയുമെല്ലാം കേരളത്തെ കുറിച്ച ആശങ്കസൃഷ്ടിക്കുന്നവയാണ്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് ഒട്ടനവധി കേസുകളാണ് നിത്യവും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിലും പ്രതികളിൽ യുവാക്കൾ തന്നെ മുൻപന്തിയിൽ. പഠനത്തിനൊപ്പം നല്ല മനുഷ്യനാകാനുള്ള ക്ലാസുകളാണ് കുട്ടികൾക്ക് അത്യാവശ്യമെന്ന് ഇതെല്ലാം തെളിയിക്കുന്നു. നല്ല ഒരു തലമുറ കേരളത്തിൽ വാർത്തെടുക്കാൻ ഉതകുന്ന നടപടികൾ ഉണ്ടാകേണ്ടിയിരിക്കുന്നു.
രാഷ്ട്രീയ ഇടപെടലുകൾ കേരളത്തിന്റെ മറ്റൊരു ശാപമാണ്. ഉദ്യോഗസ്ഥർക്ക് കേസുകളുമായി കൃത്യമായി മുന്നോട്ടുപോകാൻ പറ്റാത്ത അവസ്ഥ വരുന്നു. ചില സംഭവങ്ങളിൽ ഉദ്യോഗസ്ഥർ തന്നെ കേസുകൾ അട്ടിമറിക്കുന്നു. ആദിവാസി യുവാവ് മധുവിന്റെ കൊലപാതകികളെ ഇതുവരെ മാതൃകാപരമായി ശിക്ഷിക്കാൻ കഴിഞ്ഞിട്ടില്ല എന്നത് എത്ര സങ്കടകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

