രാജ്യം സറായാത്ത് ഘട്ടത്തിൽ ചൂട്, തണുപ്പ്, മഴ, പൊടി...
text_fieldsകുവൈത്ത് സിറ്റി: ശൈത്യകാലത്തിന്റെ പിൻവാങ്ങൽ പ്രകടമാക്കി രാജ്യത്ത് ദ്രുതഗതിയിലുള്ള അന്തരീക്ഷ വ്യതിയാനങ്ങളും അസ്ഥിരതയും. ശൈത്യകാലത്തു നിന്നു ചൂടുകാലത്തിലേക്കുള്ള കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണമായാണ് ഇതിനെ കണക്കാക്കുന്നത്. രാജ്യം നിലവിൽ സറായാത്ത് ഘട്ടത്തിലാണെന്നും അന്തരീക്ഷ വ്യതിയാനങ്ങളും അസ്ഥിരതയും ഇതിന്റെ ലക്ഷണങ്ങൾ ആണെന്നും കാലാവസ്ഥ വകുപ്പ് ഡയറക്ടർ ദിറാർ അൽ അലി വ്യക്തമാക്കി. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച രാജ്യത്ത് പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയും പൊടിപടലങ്ങൾ നിറഞ്ഞ കാറ്റും അനുഭവപ്പെട്ടു. തുറന്ന പ്രദേശങ്ങളിലും കടലിലും ഇടിമിന്നലും ദൃശ്യമായി. ചൊവ്വാഴ്ച രാവിലെ വരെ അസ്ഥിരമായ കാലാവസ്ഥ തുടർന്നു. അടുത്ത ദിവസങ്ങളിൽ പകല്‍ ചൂട് അനുഭവപ്പെടുമെങ്കിലും രാത്രിയില്‍ മിതമായിരിക്കും. തുടർന്ന് താപനിലയിൽ ക്രമാനുഗതമായ ഉയർച്ച ഉണ്ടാകും.
മേയ് പകുതിയോടെ ക്രമേണ ചൂട് കൂടി ജൂണോടെ ശക്തി പ്രാപിക്കും. ജൂൺ, ജൂലൈ,ആഗസ്റ്റ് മാസങ്ങളിൽ ചൂട് ഉയർന്ന നിലയിലെത്തും.
കനത്ത ചൂട് കണക്കിലെടുത്തു ജൂൺ ഒന്നു മുതൽ ഓഗസ്റ്റ് 31 വരെ രാജ്യത്ത് പുറം ജോലികൾക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്.
കാലവാസ്ഥ അറിയിപ്പുകൾക്ക് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവ പിന്തുടരാൻ കാലാവസ്ഥ വകുപ്പ് അഭ്യർത്ഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

