രാജ്യത്ത് കാലാവസ്ഥമാറ്റം; മഴക്കും അസ്ഥിര കാലാവസ്ഥക്കും സാധ്യത
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥമാറ്റം. ചൊവ്വാഴ്ചമുതൽ മഴക്കും അസ്ഥിര കാലാവസ്ഥക്കും സാധ്യത. ശൈത്യ കാലത്തിന്റെ ഭാഗമായ ‘അൽ അഹ്മർ സ്ട്രൈക്’ എന്നറിയപ്പെടുന്ന ഘട്ടം ചൊവ്വാഴ്ച ആരംഭിക്കും. സജീവമായ കാറ്റ്, ഇടക്കിടെയുള്ള മഴ എന്നിവ ഈ ഘട്ടത്തിൽ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥ വിദഗ്ധർ വ്യക്തമാക്കി.
ഏകദേശം 40 ദിവസം നീണ്ടുനിൽക്കുന്ന അസ്ഥിരമായ ഈ കാലാവസ്ഥ ഡിസംബർ 20വരെ തുടരും.വരുന്ന ആഴ്ചകളിൽ ശക്തമായ കാറ്റ്, മേഘ രൂപീകരണം, ഇടക്കിടെയുള്ള മഴ എന്നിവ ഉണ്ടാകുമെന്ന് അറബ് യൂനിയൻ ഫോർ ആസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിലെ അംഗമായ ബദർ അൽ അമിറ വ്യക്തമാക്കി.
അറേബ്യൻ ഗൾഫിലെ നാവികർക്ക് ഗുരുതരമായ അപകടസാധ്യതകൾ സൃഷ്ടിച്ചിരുന്ന ഈ സീസൺ പെട്ടെന്നുള്ള കൊടുങ്കാറ്റുകൾ, ഇടിമിന്നൽ, പ്രക്ഷുബ്ധമായ കടൽ എന്നിവയാൽ ചരിത്രപരമായി പേരുകേട്ടതാണ്. താപനിലയിൽ ശ്രദ്ധേയമായ കുറവും ഈ കാലത്തുണ്ടാകും. കഠിനവും പ്രവചനാതീതവുമായ കാലാവസ്ഥ കാരണം മുൻകാലങ്ങളിൽ അറബ് നാവികരും കപ്പിത്താന്മാരും ഈ സമയത്ത് കടൽ യാത്രകൾ ഒഴിവാക്കിയിരുന്നു. കപ്പലുകൾ മുങ്ങാൻ വരെ ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലും ഇടയാക്കും.
കാറ്റിന്റെ ശക്തിയെ അടയാളപ്പെടുത്തുന്നതിനായി ‘അൽ-അഹ്മർ തന്റെ പ്രഹരം ഏൽപ്പിച്ചു’ എന്ന് നാവികർ പഴയകാലത്ത് ഈ കാലഘട്ടത്തെ പരാമർശിച്ചിരുന്നു. കാലാവസഥ മാറ്റത്തിനൊപ്പം ഇൻഫ്ലുവൻസ, ചുമ, ജലദോഷം, പനി തുടങ്ങിയ സീസണൽ രോഗങ്ങളുടെ വർധനവും ഈ സീസണിൽ ഉണ്ടാകാം. അതേസമയം, രാജ്യത്ത് നിലവിൽ താപനിലയിൽ വലിയ കുറവുണ്ടായിട്ടുണ്ട്. രാത്രിയും പുലർച്ചയും താപനിലയിൽ ഇടിവും പുലർച്ച കനത്ത മൂടൽ മഞ്ഞുമുണ്ട്. ഞായറാഴ്ച കനത്ത മഞ്ഞ് വിമാന സർവിസുകളെവരെ തടസ്സപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

