വെള്ളത്തിൽ ആവേശം, കുവൈത്ത് ജെറ്റ് സ്കീ ചാമ്പ്യൻഷിപ്
text_fieldsകുവൈത്ത് ജെറ്റ് സ്കീ ചാമ്പ്യൻഷിപ്പിൽ നിന്ന്
കുവൈത്ത് സിറ്റി: വേഗതയും വാശിയും കൊണ്ട് വെള്ളത്തിൽ ആവേശം തീർത്ത് കുവൈത്ത് ജെറ്റ് സ്കീ ചാമ്പ്യൻഷിപ് (ഡ്രാഗ് റേസ് 2023) രണ്ടാം റൗണ്ടിന് സമാപനം. മൂന്ന് വിഭാഗങ്ങളിലായി 45 മത്സരാർഥികൾ പങ്കെടുത്തു. ഖൈറാൻ മേഖലയിലെ സബാഹ് അൽ അഹമ്മദ് സീ സിറ്റിയിൽ നടന്ന ചാമ്പ്യൻഷിപ് ശക്തമായ മത്സരത്തിനാണ് സാക്ഷ്യം വഹിച്ചത്.
കുവൈത്ത് മാരിടൈം സ്പോർട്സ് ക്ലബിന്റെ ജെറ്റ് സ്കീ കമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. ഓപൺ വിഭാഗത്തിൽ മുഹമ്മദ് അൽ ബാസ് ഒന്നാമതും മുഹമ്മദ് ബുറാബി രണ്ടാം സ്ഥാനവും ഫഹദ് അൽ ഖൽഫാൻ മൂന്നാം സ്ഥാനവും നേടി. സ്റ്റോക്ക് വിഭാഗത്തിൽ ബദർ അൽ കന്ദരി ഒന്നാം സ്ഥാനവും ഇബ്രാഹിം അൽ ഖറാസ് രണ്ടാം സ്ഥാനവും നേടി.
അബ്ദുല്ല അൽ ഖബന്ദി മൂന്നാം സ്ഥാനത്തെത്തി. സൂപ്പർ സ്റ്റോക്ക് വിഭാഗത്തിൽ സൽമാൻ ബു സാഖർ ഒന്നാം സ്ഥാനവും ഫഹദ് അൽ ഖൽഫാൻ രണ്ടാം സ്ഥാനവും മൻസൂർ അൽ അവാദി മൂന്നാം സ്ഥാനവും നേടി. മൂന്ന് വിഭാഗങ്ങളിലും ശക്തമായ മത്സരം നടന്നതായി ക്ലബ് ജനറൽ സെക്രട്ടറി ഖാലിദ് അൽ ഫൗദരി പറഞ്ഞു.
വിവിധ സമുദ്ര കായിക ഇനങ്ങളിലെ ചാമ്പ്യൻഷിപ്പുകൾക്ക് അവസരം ഒരുക്കുമെന്നും പബ്ലിക്ക് അതോറിറ്റിയിൽനിന്ന് മികച്ച പിന്തുണ ലഭിക്കുന്നതായും അദ്ദേഹം പറഞ്ഞു.