ജല-വൈദ്യുതി മന്ത്രാലയത്തിൽ 30 വർഷം സർവിസുള്ള വിദേശികളെ ഒഴിവാക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ജല-വൈദ്യുതി മന്ത്രാലയത്തിൽ 30 വർഷമോ അതിൽ കൂടുതലോ കാലം സേവനമനുഷ്ഠിച്ച വിദേശികളെ ഒഴിവാക്കുമെന്ന് റിപ്പോർട്ട്. മന്ത്രാലയത്തിലെ ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് അൽ നഹർ ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അറബ് രാജ്യങ്ങൾക്കും ഒരു രാജ്യക്കാർക്കും ഇതിൽ ഇളവുണ്ടാവില്ല. മന്ത്രാലയത്തിൽ സമഗ്ര അഴിച്ചുപണിക്ക് ഒരുക്കം നടക്കുകയാണെന്ന് സൂചനയുണ്ട്. വകുപ്പ് തലവന്മാരെയും ഡയറക്ടർമാരെയും പുനഃപ്രതിഷ്ടിക്കും. എന്നാൽ, അസിസ്റ്റൻറ് അണ്ടർ സെക്രട്ടറിമാരെ ഇൗ ഘട്ടത്തിൽ മാറ്റില്ല.
അടുത്തൊരു ഘട്ടത്തിൽ മന്ത്രാലയത്തിെൻറ ചില സെക്ടറുകൾ സ്വകാര്യവത്കരിക്കാൻ നീക്കമുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ജല-വൈദ്യുതി മന്ത്രാലയത്തിൽ സ്വദേശിവത്കരണം വേഗത്തിലാക്കാൻ അധികൃതർ നീക്കം ആരംഭിച്ചിട്ടുണ്ട്. അടുത്ത മൂന്നുവർഷം കൊണ്ട് മന്ത്രാലയത്തിലെ ധനകാര്യ മേഖലകളിൽ 50 ശതമാനവും സാേങ്കതിക മേഖലയിൽ 30 ശതമാനവും സ്വദേശിവത്കരണം ഏർപ്പെടുത്താനാണ് പദ്ധതി.
മന്ത്രാലയത്തിലെ ഒഫീഷ്യൽ, ടെക്നിക്കൽ മേഖലകളിൽനിന്ന് വിദേശികളെ ഒഴിവാക്കി പകരം സ്വദേശികളെ നിയമിക്കുകയാണ് ഉദ്ദേശ്യം. ഇതിെൻറ മുന്നോടിയായി സ്വദേശികൾക്ക് ഈ മേഖലകളിൽ അടിയന്തര പ്രാധാന്യത്തോടെ പരിശീലനം നൽകാൻ സംവിധാനമുണ്ടാക്കണമെന്ന് അണ്ടർ സെക്രട്ടറി എൻജി. മുഹമ്മദ് ബൂഷഹരി സർക്കുലർ വഴി നിർദേശം നൽകിയിട്ടുണ്ട്. അതോടൊപ്പം, നിലവിൽ വിവിധ വകുപ്പുകളിൽ ജോലിചെയ്യുന്ന സ്വദേശികളുടെയും വിദേശികളുടെയും തരംതിരിച്ചുള്ള കണക്കെടുത്ത് റിപ്പോർട്ട് സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
സ്വദേശി എൻജിനീയർമാരും ടെക്നീഷ്യന്മാരും ഇത്ര, വിദേശി എൻജിനീയർമാരും ടെക്നീഷ്യന്മാരും ഇത്ര എന്നതു സംബന്ധിച്ച റിപ്പോർട്ടാണ് ആവശ്യപ്പെട്ടത്. വിദേശ ടെക്നീഷ്യന്മാരുടെ എണ്ണം മൂന്നുവർഷംകൊണ്ട് 30 ശതമാനമായി കുറക്കാനുള്ള തീരുമാനം ഇന്ത്യക്കാരുൾപ്പെടെ വിദേശികൾക്ക് തിരിച്ചടിയാകും. വിദ്യാഭ്യാസ മന്ത്രാലയമുൾപ്പെടെ പൊതുമേഖലാ വകുപ്പുകളിൽ സ്വദേശിവത്കരണം ശക്തിപ്പെടുത്താനുള്ള മുറവിളി ഉയരുന്നതിനിടെയാണ് ഇതും. വിദേശികളുടെ എണ്ണം കുറച്ച് ജനസംഖ്യാ അസന്തുലിതത്വം ഇല്ലാതാക്കുന്നതോടൊപ്പം തൊഴിൽരഹിതരായ സ്വദേശികൾക്ക് അവസരം നൽകുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
