റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകളിൽ 22 മുതൽ ജല, വൈദ്യുതിനിരക്ക് കൂടും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ റെസിഡൻഷ്യൽ അപ്പാർട്ട്മെൻറുകളിൽ ആഗസ്റ്റ് 22 മുതൽ ജല, വൈദ്യുതി നിരക്ക് വർധിക്കും. നിലവിലെ നിരക്കായ കിലോവാട്ടിന് രണ്ടു ഫിൽസ് എന്നത് അഞ്ചു ഫിൽസ് ആയാണ് വർധിക്കുന്നത്. ഉപഭോഗം 1000 യൂനിറ്റ് കടന്നാൽ ചാർജ് ഇരട്ടിയാകും. സ്വദേശി ഭവനങ്ങളെ ഒഴിവാക്കിയാണ് നിരക്ക് വർധന നടപ്പാക്കുന്നത്. എണ്ണ വിലയിടിവിനെ തുടർന്ന് സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നയങ്ങളുടെ ഭാഗമായാണ് വൈദ്യുതി നിരക്ക് വർധിപ്പിക്കുന്നത്. വിദേശികൾ താമസിക്കുന്ന വാടക അപ്പാർട്ട്മെൻറുകൾ, താമസമേഖലകളിലെ വ്യാപാര സ്ഥാപനങ്ങൾ എന്നിവയിൽ ഈ മാസം 22 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നത്.
ആയിരം യൂനിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവരിൽനിന്ന് കിലോവാട്ടിന് അഞ്ചു ഫിൽസ് തോതിലും ആയിരത്തിന് മുകളിൽ രണ്ടായിരം വരെയുള്ള ഉപയോഗത്തിന് 10 ഫിൽസ് തോതിലും രണ്ടായിരത്തിന് മുകളിൽ 15 ഫിൽസ് എന്ന തോതിലുമാണ് വൈദ്യുതിച്ചാർജ് ഈടാക്കുക. സ്വദേശി ഭവനങ്ങളും സ്വദേശികൾ വാടകക്ക് താമസിക്കുന്ന ഫ്ലാറ്റുകളും നിരക്ക് വർധനയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ, സ്വന്തമായി വീടുണ്ടായിരിക്കെ വാടകവീട്ടിൽ താമസിക്കുന്ന സ്വദേശികൾ വാടകക്കെട്ടിടത്തിൽ അധികനിരക്ക് നൽകേണ്ടിവരും. വാണിജ്യമേഖലയിലെ നിരക്ക് വർധന മൂന്നു മാസം മുമ്പ് നിലവിൽ വന്നിരുന്നു.
സർക്കാർ ഒാഫിസുകളിലെ വർധന നവംബറിലും വ്യവസായ, കാർഷിക മേഖലയിൽ അടുത്ത വർഷം ഫെബ്രുവരിയിലുമാണ് പ്രാബല്യത്തിലാവുക. ഉപഭോക്താക്കൾക്ക് വൈദ്യുതി മന്ത്രാലയത്തിെൻറ സ്മാർട്ട് ഫോൺ ആപ്ലിക്കേഷനിലൂടെ പണമടക്കാനുള്ള സൗകര്യമൊരുക്കിയതായി അണ്ടർ സെക്രട്ടറി എൻജിനീയർ മുഹമ്മദ് ബുഷഹരി പറഞ്ഞു. ഇതിന് വൈദ്യുതി മീറ്ററുകളുടെ ചിത്രമെടുത്ത് മൊബൈൽ ആപ് വഴി മന്ത്രാലയത്തിലേക്ക് അയക്കുകയാണ് വേണ്ടത്. മീറ്റർ റീഡിങ് പ്രകാരം അടക്കേണ്ട തുക എത്രയാണെന്ന് മറുപടി സന്ദേശം ലഭിച്ചാൽ ആപ്ലിക്കേഷൻ വഴി തന്നെ പണമടക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
