ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ വെയർഹൗസുകൾ വരുന്നു
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹ് മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന യോഗം
കുവൈത്ത് സിറ്റി: സർക്കാർ സ്വത്തുക്കളിലെ കൈയേറ്റങ്ങൾ ഉടനടി നീക്കം ചെയ്യാൻ ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് നിർദേശം നൽകി മന്ത്രിസഭ. പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ സർക്കാർ സ്വത്തുക്കളിലെ കൈയേറ്റങ്ങളെക്കുറിച്ചുള്ള 2024 ലെ ധനമന്ത്രാലയ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് നിർദേശം.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തൽ, വിവിധ മേഖലകളിലെ സഹകരണം വികസിപ്പിക്കൽ എന്നിവക്കുറിച്ചും വിവിധ ലോക നേതാക്കൾ അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന് അയച്ച കത്തുകൾ മന്ത്രിസഭ അവലോകനം ചെയ്തു.
ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ അഞ്ച് ഗവർണറേറ്റുകളിൽ തന്ത്രപ്രധാനമായ ഉൽപന്നങ്ങൾക്കായി വെയർഹൗസുകൾ സ്ഥാപിക്കാനുള്ള മന്ത്രാലയത്തിന്റെ പദ്ധതികളെക്കുറിച്ച് വാണിജ്യ വ്യവസായ മന്ത്രി ഖലീഫ അൽ അസ്കറും ആക്ടിങ് അണ്ടർസെക്രട്ടറിയും മന്ത്രിസഭക്ക് മുന്നിൽ അവതരിപ്പിച്ചു. പുതിയ അധ്യയന വർഷത്തേക്കുള്ള മന്ത്രാലയത്തിന്റെ തയാറെടുപ്പുകളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി ജലാൽ അൽ തബ്തബെ വിശദീകരിച്ചു.
2024 മാർച്ച് മുതൽ 2025 ഏപ്രിൽ വരെയുള്ള കാലയളവിലെ പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികളെക്കുറിച്ചുള്ള മന്ത്രിതല സാമ്പത്തിക സമിതി യോഗം റിപ്പോർട്ട് മന്ത്രിസഭ അവലോകനം ചെയ്തു. ആവശ്യമായ തീരുമാനങ്ങൾ എടുക്കുന്നതിനായി റിപ്പോർട്ട് പൊതു-സ്വകാര്യ പങ്കാളിത്ത പദ്ധതികൾക്കായുള്ള ഉന്നത സമിതിക്ക് അയച്ചു.
ചില വ്യക്തികളിൽ നിന്ന് കുവൈത്ത് പൗരത്വം നഷ്ടപ്പെട്ടതും പിൻവലിക്കുന്നതും റദ്ദാക്കുന്നതും ഉൾപ്പെടെയുള്ള കേസുകൾ ഉൾപ്പെടുന്ന കുവൈത്ത് പൗരത്വ അന്വേഷണത്തിനുള്ള സുപ്രീം കമ്മിറ്റിയുടെ മിനിറ്റ്സിന് മന്ത്രിസഭ അംഗീകാരം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

