കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച പ്രതി സൗദിയിൽ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കച്ചവടത്തിനായി മയക്കുമരുന്ന് എത്തിച്ച കേസിലെ പ്രതിയെ സൗദി തലസ്ഥാനമായ റിയാദിൽ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തിലേക്ക് 18 കിലോഗ്രാം ഹഷീഷ് കടത്തിയ കേസിൽ പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഇയാൾക്കെതിരായ നിയമനടപടി തീർപ്പാക്കിയിട്ടില്ലാത്തതിനാൽ പ്രതിയെ കൈമാറാൻ കുവൈത്ത് സൗദി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് സൗദി അധികാരികളോട് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദി രേഖപ്പെടുത്തി. മയക്കുമരുന്നിനെതിരെ ശക്തമായ പരിശോധനകളും നടപടികളും തുടരുകയാണ്. സമുദ്രാതിർത്തി വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമങ്ങൾക്കെതിരെ നിതാന്ത ജാഗ്രത പുലർത്തണമെന്ന് കഴിഞ്ഞ ദിവസവും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് സുരക്ഷാസേനയെ ഉണർത്തിയിരുന്നു.
കഴിഞ്ഞ വർഷം മയക്കുമരുന്നുമായി 3000ത്തോളം പേരാണ് രാജ്യത്ത് പൊലീസ് പിടിയിലായത്. പ്രതികളില്‍നിന്ന് 1700 കിലോയോളം ഹഷീഷ് പിടിച്ചെടുത്തതായി ലഹരി നിയന്ത്രണ വകുപ്പ് വ്യക്തമാക്കിയിരുന്നു. പിടിയിലായവരിൽ പകുതിയിലേറെ പേരും വിദേശികളാണ്.