വാംഡ് സേവനം ദുരുപയോഗം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പുമായി സെൻട്രൽ ബാങ്ക്
text_fieldsകുവൈത്ത് സിറ്റി: വാംഡ് സേവനം ദുരുപയോഗം ചെയ്ത് നടക്കുന്ന തട്ടിപ്പ് ശ്രമങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സെൻട്രൽ ബാങ്ക്. പ്രാദേശിക ബാങ്കുകൾക്കിടയിൽ മൊബൈൽ നമ്പറുകൾ വഴി പണം അയക്കാനും അഭ്യർഥിക്കാനുമുള്ള സൗകര്യമാണ് വാംഡ്.
ഇതുവഴി തട്ടിപ്പ് നടക്കുന്നതായ റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. അബദ്ധത്തിൽ പണം ട്രാൻസ്ഫർ ചെയ്തതായും മറ്റൊരു നമ്പറിലേക്ക് പണം അയക്കണമെന്ന് ആവശ്യപ്പെടുന്ന രീതിയിലാണ് തട്ടിപ്പുകാർ പ്രവർത്തിക്കുന്നതെന്ന് സെൻട്രൽ ബാങ്ക് വ്യക്തമാക്കി. അജ്ഞാത അക്കൗണ്ടുകളിലേക്ക് പണം അയക്കരുതെന്നും ബാങ്ക് മുന്നറിയിപ്പു നൽകി.
ഇത്തരം അക്കൗണ്ടുകൾ പലപ്പോഴും കള്ളപ്പണം വെളുപ്പിക്കൽ ശൃംഖലകളുമായി ബന്ധപ്പെട്ടിരിക്കാമെന്നും സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ ജാഗ്രത അനിവാര്യമാണെന്നും അധികൃതർ വ്യക്തമാക്കി. തട്ടിപ്പുകള്‍ വ്യാപകമായതിനെ തുടര്‍ന്ന് നേരത്തെ ‘നമുക്ക് ജാഗ്രത പാലിക്കാം’ എന്ന പേരിൽ പ്രത്യേക കാമ്പയിന് സെൻട്രൽ ബാങ്ക് ആരംഭിച്ചിരുന്നു.
ദൈനംദിന ട്രാൻസ്ഫർ പരിധി മറികടക്കാൻ ഉപഭോക്താക്കള്‍ സേവനം റദ്ദാക്കി വീണ്ടും ലിങ്ക് അയക്കുകയും മൊബൈൽ ബാങ്കിങ്ങിൽ വീണ്ടും രജിസ്റ്റർ ചെയ്യുകയും ചെയ്തതായും കണ്ടെത്തിയിരുന്നു. തുടർന്ന് ശക്തമായ നിയന്ത്രണം കൊണ്ടുവന്നു. നിലവില്‍ ഒരു ഇടപാടിന് 1000 ദീനാർ വരെയും ഒരു ദിവസം 3000 ദീനാറും, മാസത്തിൽ പരമാവധി 20,000 ദീനാർ വരെയാണ് അനുവദിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

