സന്ദർശകർക്ക് സ്വാഗതം; 'വിസിറ്റ് കുവൈത്തിന്’ തുടക്കം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശിക്കുന്നവർക്ക് കൃത്യമായ വിവരങ്ങളും സൗകര്യങ്ങളും ഒരുക്കി 'വിസിറ്റ് കുവൈത്ത്’ ഓൺലൈൻ പ്ലാറ്റ്ഫോമിന് തുടക്കം. ശനിയാഴ്ച മുതൽ 'വിസിറ്റ് കുവൈത്ത്’ സേവനം ആരംഭിച്ചതായി ഇൻഫർമേഷൻ, സാംസ്കാരിക മന്ത്രിയും യുവജനകാര്യ സഹമന്ത്രിയുമായ അബ്ദുൽ റഹ്മാൻ അൽ മുതൈരി അറിയിച്ചു. കുവൈത്ത് സന്ദർശിക്കുന്നതിനും വിവിധ സാംസ്കാരിക, കല, വിനോദ പരിപാടികളിൽ പങ്കെടുക്കുന്നതിനും ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനും സന്ദർശകർക്ക് ഇത് ഉപയോഗപ്പെടുത്താം. വിവിധ രംഗങ്ങളിലേക്കുള്ള കവാടമായി പ്ലാറ്റ്ഫോം നിലനിൽക്കും.
സ്മാർട്ട് ഇന്ററാക്ടിവ് മാപ്, എക്സ്ക്ലൂസിവ് ഓഫറുകൾ, സന്ദർശകർക്കായി വിവിധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യൽ, അറബിയിലും ഇംഗ്ലീഷിലും അറിയിപ്പുകൾ എന്നിവ 'വിസിറ്റ് കുവൈത്ത്’ ലഭ്യമാക്കുന്നു.
കുവൈത്തിനെ മേഖലയിലെ പ്രമുഖ വിനോദസഞ്ചാര, സാംസ്കാരിക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള ഇൻഫർമേഷൻ മന്ത്രാലയത്തിന്റെ നടപടികളുടെ ഭാഗമാണ് ഈ പ്ലാറ്റ്ഫോമെന്ന് മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു.
ടൂറിസം, വിനോദ വ്യവസായം എന്നിവ പ്രോത്സാഹിപ്പിക്കുക, സ്വകാര്യ, പൊതു മേഖലകൾ തമ്മിലുള്ള പങ്കാളിത്തം വർധിപ്പിക്കുക, പ്രാദേശിക, അന്തർദേശീയ കമ്പനികൾക്ക് വിസകൾ നൽകുക തുടങ്ങിയവയും ലക്ഷ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

