53 രാജ്യക്കാർക്ക് ഒാൺലൈനായി സന്ദർശക വിസ അനുവദിക്കും
text_fieldsകുവൈത്ത് സിറ്റി: 53 രാജ്യക്കാർക്ക് കുവൈത്ത് ഒാൺലൈനായി സന്ദർശക വിസ അനുവദിക്കും. ഇ-വിസ സംവിധാനത്തിലൂടെ ഒാൺലൈനായി വിസ അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം, ഏതെങ്കിലും ജി.സി.സി രാജ്യത്ത് ആറുമാസത്തിലേറെ താമസാനുമതിയുള്ള വിദേശികളിൽ ചില തിരഞ്ഞെടുത്ത തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് അവസരമുണ്ടാകും.
കൺസൽട്ടൻറ്, ഡോക്ടർമാർ, എൻജിനീയർമാർ, അഭിഭാഷകർ, ന്യായാധിപർ, പബ്ലിക് പ്രോസിക്യൂഷൻ അംഗങ്ങൾ, സർവകലാശാല അധ്യാപകർ, മാധ്യമപ്രവർത്തകർ, പൈലറ്റ്, സിസ്റ്റം അനലിസ്റ്റ്, കമ്പ്യൂട്ടർ പ്രോഗ്രാമർ, മാനേജർമാർ, ബിസിനസുകാർ, ഡിപ്ലോമാറ്റിക് കോർപ്സ് തുടങ്ങിയവയാണ് തിരഞ്ഞെടുത്ത തസ്തികകൾ.
മൂന്ന് ദീനാർ മാത്രമാണ് വിസ ഫീസ്. അപേക്ഷിക്കുന്ന സമയത്ത് പാസ്പോർട്ട് കാലാവധി ആറുമാസത്തിൽ കൂടുതൽ ഉണ്ടാകണം. ടൂറിസ്റ്റ് വിസ അനുവദിച്ച് ഒരു മാസത്തിനകം കുവൈത്തിൽ എത്തിയിരിക്കണം. ഒറ്റത്തവണ പ്രവേശനത്തിന് മാത്രമാണ് അനുമതി. ടൂറിസ്റ്റ് വിസയിൽ എത്തിയാൽ മൂന്ന് മാസത്തിനകം തിരിച്ചുപോകണം. അധിക ദിവസം കുവൈത്തിൽ നിന്നാൽ പിഴയും നിയമനടപടികളും നേരിടേണ്ടി വരും എന്നതിന് പുറമെ ഭാവിയിൽ വിസ ലഭിക്കാനും പ്രയാസം നേരിടും. ഏത് സമയത്തും അപേക്ഷിക്കാമെങ്കിലും പ്രവൃത്തി ദിവസങ്ങളിലാണ് പരിഗണിക്കുക.
ടൂറിസ്റ്റ് ഇ-വിസ അനുവദിച്ചോ നിരസിച്ചോ എന്ന് ഇ-മെയിൽ വഴി അറിയിക്കും. അൻഡോറ, ആസ്ട്രേലിയ, ബെൽജിയം, ഭൂട്ടാൻ, ബ്രൂണെ, ബൾഗേറിയ, കംബോഡിയ, കാനഡ, സൈപ്രസ്, ക്രൊയേഷ്യ, ചെക് റിപ്പബ്ലിക്, ഡെന്മാർക്ക്, എസ്തോണിയ, ഫിൻലൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഗ്രീസ്, ഹംഗറി, െഎസ്ലൻഡ്, അയർലൻഡ്, ഇറ്റലി, ജപ്പാൻ, ലാവോസ്, ലാത്വിയ, ലിച്ചെൻസ്റ്റൈൻ, ലക്സംബർഗ്, മലേഷ്യ, മൊണാക്കോ, നെതർലാൻഡ്, ന്യൂസിലാൻഡ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, റുമേനിയ, സാൻ മറിനോ, സെർബിയ, സിംഗപ്പൂർ, സ്ലോവാക്യ, സ്ലൊവീനിയ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വിറ്റ്സർലൻഡ്, ചൈന, ഹോേങ്കാങ്, തുർക്കി, യുക്രൈൻ, ബ്രിട്ടൻ, അമേരിക്ക, വത്തിക്കാൻ എന്നിവയാണ് 53 രാജ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

