‘വിസിറ്റ് കുവൈത്ത്' പ്ലാറ്റ്ഫോം; ടൂറിസം രംഗത്ത് കുതിപ്പിന് ഒരുങ്ങി കുവൈത്ത്
text_fieldsമന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി
കുവൈത്ത് സിറ്റി: ടൂറിസം രംഗത്ത് ശക്തമായ കുതിപ്പിനൊരുങ്ങി കുവൈത്ത്. രാജ്യം വൈകാതെ പ്രധാന സാംസ്കാരിക, കുടുംബ ടൂറിസം കേന്ദ്രമായി മാറുമെന്ന് വാർത്താവിനിമയ, സാംസ്കാരിക, യുവജനകാര്യ മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി പറഞ്ഞു. ഇതിനായി വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
മന്ത്രി അബ്ദുൽ റഹ്മാൻ അൽ മുതൈരി
സന്ദർശകർക്കും നിക്ഷേപകർക്കും സംയോജിത ഇലക്ട്രോണിക് സേവനങ്ങൾ നൽകുന്ന 'വിസിറ്റ് കുവൈത്ത്' പ്ലാറ്റ്ഫോം നവംബറിൽ ആരംഭിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഹോസ്പിറ്റാലിറ്റി, റെസ്റ്ററന്റുകൾ, ഗതാഗതം, സ്പോർട്സ്, വിനോദം തുടങ്ങിയ സേവനങ്ങൾ ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാകും. രാജ്യത്തെ ടൂറിസം ഭാവി പ്രതീക്ഷകൾ നിറഞ്ഞതാണ്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും സ്വകാര്യമേഖലയിലെ പങ്കാളിത്തം വികസിപ്പിക്കുന്നതിനും ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വ്യക്തമായ പദ്ധതികളുണ്ട്. ഈ വർഷം തുടക്കം മുതൽ രാജ്യം വിനോദസഞ്ചാരത്തിൽ പുതിയ കുതിപ്പ് കാഴ്ചവെച്ചു. വിവിധ സാംസ്കാരിക, കലാ, കായിക പരിപാടികൾക്കും ആതിഥേയത്വം വഹിച്ചു. 'വിസിറ്റ് കുവൈത്ത്' കൂടുതൽ ശക്തിപ്പെടുത്തുകയും പുതിയ സാധ്യതകൾ തുറക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി. പ്രാദേശികമായി എല്ലാ ഗൾഫ് രാജ്യങ്ങളും ശക്തമായ ടൂറിസം വളർച്ചക്ക് സാക്ഷ്യം വഹിക്കുന്നു. 2021 മുതൽ റിയാദ് ആസ്ഥാനമായുള്ള യു.എൻ ടൂറിസം മിഡിൽ ഈസ്റ്റ് ഓഫീസ് സുസ്ഥിര ടൂറിസം വികസനത്തെ പിന്തുണക്കുന്നു. മിഡിൽ ഈസ്റ്റിനായുള്ള യു.എൻ ടൂറിസം റീജിയനൽ കമ്മീഷന്റെ അധ്യക്ഷ സ്ഥാനത്തേക്ക് കുവൈത്ത് തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

