60 വയസ്സിനു മുകളിലുള്ളവർക്ക് വിസ താൽക്കാലികമായി നീട്ടിനൽകില്ല
text_fieldsകുവൈത്ത് സിറ്റി: 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത വിദേശികൾക്ക് ഇനി വിസ താൽക്കാലികമായി നീട്ടിനൽകില്ല. നേരത്തേ താമസകാര്യ വകുപ്പ് ഒരു മാസം മുതൽ 90 ദിവസം വരെ താൽക്കാലിക എക്സ്റ്റെൻഷൻ നൽകിയിരുന്നു. 250 ദീനാർ വാർഷിക ഫീസും 503.5 ദീനാർ മൂല്യമുള്ള സ്വകാര്യ ആരോഗ്യ ഇൻഷുറൻസും എന്ന വ്യവസ്ഥയിൽ മാത്രം ഈ വിഭാഗക്കാർക്ക് തൊഴിൽ പെർമിറ്റ് നൽകിയാൽ മതിയെന്ന തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് താൽക്കാലിക എക്സ്റ്റെൻഷൻ താമസകാര്യ വകുപ്പ് നിർത്തിവെച്ചത്. ഈ വിഭാഗത്തിൽപെടുന്നവർക്കു മുന്നിൽ ഇനിയുള്ള വഴി പുതിയ മാനദണ്ഡങ്ങൾക്കനുസൃതമായി അധിക ഫീസും ഇൻഷുറൻസ് തുകയും നൽകി വർക്ക് പെർമിറ്റുകൾ പുതുക്കുക, യോഗ്യതകൾ പാലിക്കുന്നുണ്ടെങ്കിൽ കുടുംബവിസയിലേക്കു മാറുക അല്ലെങ്കിൽ കുവൈത്തിൽനിന്ന് തിരിച്ചുപോകുക എന്നിവ മാത്രമാണ്.
ഏറ്റവും പുതിയ കണക്കുകൾപ്രകാരം 62,948 താമസക്കാർ ഈ വിഭാഗത്തിൽ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നു. വൻ തുക ചെലവാക്കി തൊഴിൽ പെർമിറ്റ് പുതുക്കുന്നത് ഈ വിഭാഗത്തിലെ കുറച്ചുപേർ മാത്രമാണ്. റസ്റ്റാറൻറ്, ഗ്രോസറി തുടങ്ങിയ മേഖലകളിലാണ് പ്രായമേറിയവരിൽ അധികപേരും തൊഴിലെടുക്കുന്നത്. കുറഞ്ഞ ശമ്പളക്കാരായ ഇത്തരക്കാർക്ക് 250 ദീനാർ വാർഷിക ഫീസ് പോലും വലിയ ഭാരമാണ്. സ്വകാര്യ ആരോഗ്യ ഇൻഷുറൻസ് തുക കൂടി മുടക്കാൻ ഭൂരിഭാഗം പേർക്കും കഴിയുന്നില്ല. ഈ വർഷം കഴിയുമ്പോഴേക്ക് ഭൂരിഭാഗം പേരും വിസ കാലാവധി കഴിഞ്ഞ് മടങ്ങേണ്ടിവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

