ഫിലിപ്പീൻസുകാർക്കു വിസ നിർത്തിവെച്ചത് തുടരും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലേക്ക് ഫിലിപ്പീൻസുകർക്കു വിസ നിർത്തിവെച്ചത് തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളികളുടെ നിയമലംഘനങ്ങൾ ആവർത്തിക്കുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള കുവൈത്തിന്റെ വ്യവസ്ഥകൾ ഫിലിപ്പീൻസ് നിരസിച്ചതിനെ തുടർന്നാണ് ഫിലിപ്പീൻസ് പൗരന്മാർക്ക് വിസകൾ നിർത്തലാക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയും, ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. കുവൈത്തിന്റെ പരമാധികാരത്തിനും പൗരന്മാരുടെ അന്തസ്സിനും മേലുള്ള ഏതെങ്കിലും ലംഘനം അനുവദിക്കില്ലെന്നും ഇത് പ്രധാനമാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
നിർത്തിവച്ച വിസ നടപടി പുനരാരംഭിക്കൽ ചർച്ചചെയ്യാൻ ഫിലിപ്പീൻസ് ഗവൺമെന്റിന്റെ അഭ്യർത്ഥന പ്രകാരം ചേർന്ന ഉഭയകക്ഷി യോഗത്തിൽ ഫിലിപ്പിനോകളുടെ പ്രധാന ലംഘനങ്ങൾ കുവൈത്ത് ചൂണ്ടികാണിച്ചിരുന്നു. കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാൻപവറിന്റെ വിവിധ കണ്ടെത്തലുകളും യോഗത്തിൽ കുവൈത്ത് മുന്നോട്ടുവെച്ചു.
ലംഘനങ്ങൾ അംഗീകരിക്കാനും ഭാവിയിൽ ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനും കുവൈത്ത് വിഭാഗം ശ്രമിച്ചു. ഫിലിപ്പിനോ സർക്കാരുമായി കൂടിയാലോചനയ്ക്കായി പ്രതിനിധി സംഘം 72 മണിക്കൂർ ഇടവേള ആവശ്യപ്പെട്ടു. തുടർന്ന് വ്യവസ്ഥകൾ നിരസിക്കുന്നതായി കുവൈത്ത് പക്ഷത്തെ അറിയിക്കുകയായിരുന്നു.
ഇതോടെയാണ് ഫിലിപ്പീൻസ് പൗരന്മാർക്ക് വിസ അനുവദിക്കുന്നത് പൂർണമായി നിർത്താൻ കുവൈത്ത് തീരുമാനത്തിലെത്തിയത്.