വിസ, പാസ്പോർട്ട് സേവനം; ബി.എൽ.എസിന് വിലക്ക്
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ അടക്കം നിരവധി രാജ്യങ്ങളിൽ ഇന്ത്യയുടെ പാസ്പോർട്ട്, വിസാ സേവനകേന്ദ്രം നടത്തുന്ന ബി.എൽ.എസ് ഇന്റർനാഷനലിന് വിലക്ക് ഏർപ്പെടുത്തി വിദേശകാര്യമന്ത്രാലയം.
അടുത്ത രണ്ടുവർഷത്തേക്ക് മന്ത്രാലയത്തിന്റെ പദ്ധതികളിൽ ഭാഗമാകുന്നതിനാണ് വിലക്ക്. കമ്പനിക്കെതിരെ നിലവിലുള്ള പരാതികളും കേസുകളും കണക്കിലെടുത്താണ് നടപടി. വിദേശകാര്യ മന്ത്രാലയം ഇന്ത്യക്കകത്തും പുറത്തും നടത്തുന്ന പുതിയ കരാർ നടപടികളിൽനിന്ന് ബി.എൽ.എസിനെ വിലക്കിയതായുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് ഈ മാസം 10നാണ് പുറത്തിറങ്ങിയത്.
അതേസമയം, നിലവിലെ കരാറുകളെ പുതിയ നിർദേശം ബാധിക്കില്ല. വിലക്കേർപ്പെടുത്തിയുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ ഉത്തരവ് പരിശോധിച്ചു വരികയാണെന്നും നിയമപ്രകാരം യഥാസമയം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കമ്പനി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. കുവൈത്ത് ഉൾപ്പെടെ 19 രാജ്യങ്ങളിൽ ഇന്ത്യൻ എംബസികൾക്കുവേണ്ടി പാസ്പോർട്ട്, വിസാ സേവനങ്ങൾ നൽകുന്നത് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബി.എൽ.എസ് ഇന്റർനാഷനലാണ്.
19 രാജ്യങ്ങളിലായി 58 ഓഫിസുകൾ ബി.എൽ.എസിന്റെതായി പ്രവർത്തിച്ചുവരുന്നു. നിലവിൽ ഇവയുടെ പ്രവർത്തനങ്ങളെ ഉത്തരവ് ബാധിക്കില്ല. ഇന്ത്യൻ പാസ്പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങളെല്ലാം തടസ്സമില്ലാതെ തുടരുന്നുണ്ട്. അതേസമയം അടുത്തഘട്ടത്തിൽ പുതിയ കമ്പനി ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന. പ്രതിവർഷം 17 ലക്ഷം അപേക്ഷകളിലായി വിസ, പാസ്പോർട്ട്, കോൺസുലർ, അറ്റസ്റ്റേഷൻ, ഇ ഗവേണൻസ്, ബയോമെട്രിക് സേവനങ്ങൾ സ്ഥാപനം നൽകിവരുന്നുണ്ട്.
പാസ്പോർട്ട് അപേക്ഷകൾ പുതിയ പോർട്ടലിൽ
കുവൈത്ത് സിറ്റി: പാസ്പോർട്ട് അപേക്ഷകൾ പുതിയ പോർട്ടലിൽ (GPSP 2.0) സമർപ്പിക്കണമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി. കുവൈത്ത് സിറ്റി, ഫഹാഹിൽ, ജലീബ് അൽ ശുയൂഖ്, ജഹ്റ എന്നിവിടങ്ങളിലെ ഇന്ത്യൻ കോൺസുലർ അപേക്ഷ കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ പുതിയ പോർട്ടൽ സജീവമാണ്.
പാസ്പോർട്ട് അപേക്ഷയിൽ അപ്ലോഡ് ചെയ്യുന്ന ഫോട്ടോ ഐ.സി.എ.ഒ മാർഗനിർദേശങ്ങൾ പാലിക്കുന്നതായിരിക്കണം. പഴയ പോർട്ടലിൽ അപേക്ഷിച്ചവർ പുതിയ പോർട്ടലിൽ വീണ്ടും അപേക്ഷാ ഫോം പൂരിപ്പിക്കണം, രേഖകൾ, ഫോട്ടോ, ഒപ്പ് എന്നിവയും അപ്ലോഡ് ചെയ്യണം. കുവൈത്ത് സിറ്റി, ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, ജഹ്റ എന്നിവിടങ്ങളിലുള്ള ഇന്ത്യൻ എംബസിയുടെ കോൺസുലർ സെന്ററുകളിൽ അപേക്ഷ നൽകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

