ആരോഗ്യ ജീവനക്കാർക്കെതിരായ അതിക്രമം: താക്കീതായി കോടതിവിധികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഡോക്ടർമാർക്കും മറ്റു ആരോഗ്യ ജീവനക്കാർക്കുമെതിരായ അതിക്രമങ്ങളിൽ ശക്തമായ നടപടി സ്വീകരിച്ച് ക്രിമിനൽ കോടതികൾ. ആരോഗ്യ ജീവനക്കാരെ ജോലിക്കിടെ ശാരീരികമായും വാക്കാലും ആക്രമിച്ച നിരവധി കേസുകളിൽ അടുത്തിടെ പിഴയും തടവുശിക്ഷയും വിധിച്ചു. കഴിഞ്ഞ ദിവസം ഇത്തരമൊരു കേസിൽ കുവൈത്ത് പൗരന് രണ്ടു വർഷം തടവും 500 ദീനാർ പിഴയും വിധിച്ചു. ഭാര്യയെ ചികിത്സിക്കാൻ ഡോക്ടർ വിസമ്മതിച്ചെന്നാരോപിച്ച് പ്രതി ഡോക്ടറെ സ്റ്റാപ്ലറും കസേരയും ഉപയോഗിച്ച് ആക്രമിച്ച കേസിലാണ് ശിക്ഷ. മറ്റൊരു കേസിൽ വനിതാ ഡോക്ടറെ മുറിയിൽ പൂട്ടിയിട്ട് ശാരീരികമായി ഉപദ്രവിച്ചയാൾക്ക് സുപ്രീം കോടതി 2000 ദീനാർ പിഴ ചുമത്തി.
ചികിത്സ വൈകിപ്പിച്ചെന്നും പ്രഫഷനൽ മര്യാദ കാണിച്ചില്ലെന്നും ആരോപിച്ച് ഡോക്ടറെ അപമാനിച്ച കുവൈത്തി വനിതക്ക് 200 ദീനാർ പിഴ ചുമത്തി. ഫർവാനിയ ആശുപത്രിയിലെ ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ കുവൈത്ത് പൗരന് 100 ദിനാർ പിഴയും ക്രിമിനൽ കോടതി വിധിച്ചു. ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവങ്ങളിൽ കുവൈത്ത് മെഡിക്കൽ അസോസിയേഷന്റെ പിന്തുണയോടെ നിയമനടപടികൾക്ക് മുന്നിട്ടിറങ്ങുന്നത് അഭിഭാഷകനായ ഇലാഫ് അൽ സാലിഹ് ആണ്. പുതിയ നിയമപ്രകാരം, ആക്രമണത്തിനിരയാകുന്ന സർക്കാർ ജീവനക്കാർക്ക് പരാതി പിൻവലിക്കാനോ പ്രതികളുമായി ഒത്തുതീർപ്പാക്കാനോ കഴിയില്ല.
പുതുക്കിയ നിയമപ്രകാരം സർക്കാർ ജീവനക്കാരെ ജോലിക്കിടെ വാക്കാലോ ആംഗ്യങ്ങളിലൂടെയോ അപമാനിക്കുന്നവർക്ക് മൂന്നു മാസം വരെ തടവും 100 മുതൽ 300 ദീനാർ വരെ പിഴയും അല്ലെങ്കിൽ രണ്ടും കൂടിയ ശിക്ഷയും ലഭിക്കും. ആരോഗ്യ ജീവനക്കാരോടാണ് അതിക്രമമെങ്കിൽ ശിക്ഷ കടുത്തതാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

