നിയമലംഘകർക്ക് പിടിവീഴും; പുതിയ ഗതാഗത നിയമം ഇന്നുമുതൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ ഗതാഗത നിയമം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. 1976 ലെ 67-ാം ആക്ട് ഭേദഗതി ചെയ്തും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർക്ക് കർശനമായ ശിക്ഷകൾ വ്യവസ്ഥ ചെയ്തുമാണ് പുതിയ നിയമം. നിയമലംഘകർക്ക് കനത്ത പിഴയും കർശന നടപടികളും ഉൾപ്പെടുന്നതാണ് പുതിയ നിയമം.
നേരത്തെയുള്ള പിഴകളിൽ വൻ വർധനവ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ ഉപയോഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, അമിതവേഗത, റെഡ് സിഗ്നൽ ലംഘനം, നടപ്പാതകളിൽ വാഹനം നിർത്തിയിടൽ എന്നിവ ഉൾപ്പെടെയുള്ള നിയമ ലംഘനങ്ങൾക്ക് ചൊവ്വാഴ്ച മുതൽ കനത്ത പിഴകൾ ചുമത്തും. ഗൗരവ ട്രാഫിക് നിയമലംഘനങ്ങളിൽ പ്രതികളെ സംഭവ സ്ഥലത്തുവെച്ചു തന്നെ പൊലീസുകാർക്ക് അറസ്റ്റുചെയ്യാൻ പുതിയ നിയമം അധികാരം നൽകുന്നുണ്ട്. റെഡ് സിഗ്നൽ മുറിച്ചുകടക്കൽ, ലൈസൻസിൽ വ്യക്തമാക്കിയ ആവശ്യങ്ങൾക്ക് അല്ലാതെ വാഹനം ഉപയോഗിക്കൽ, മയക്കുമരുന്ന്, മദ്യം എന്നിവ കഴിച്ച് വാഹനമോടിക്കൽ, ലൈസൻസ് ഇല്ലാതെ വാഹനമോടിക്കൽ, അപകടം സൃഷ്ടിക്കൽ, ഓട്ടമത്സരം, പരമാവധി വേഗത കവിയൽ, നിശ്ചിത ഇടങ്ങളിൽ അല്ലാതെ ബഗ്ഗികൾ ഓടിക്കൽ എന്നിവ ശ്രദ്ധയിൽ പെട്ടാൽ അറസ്റ്റ് നേരിടേണ്ടിവരും.
ഇതിന് അറസ്റ്റും കനത്തപിഴയുമാണ് ശിക്ഷ. പൊതുജനങ്ങളുടെ സുരക്ഷ, കാൽനടയാത്രക്കാരുടെ വാഹനമോടിക്കുന്നവരുടെയും സുരക്ഷ, ജീവന്റെയും സ്വത്തിന്റെയും സുരക്ഷ എന്നിവ ഉറപ്പാക്കൽ ലക്ഷ്യമിട്ടാണ് പുതിയ നിയമം. പുതിയ നിയമം നടപ്പിലാക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ ആഭ്യന്തര മന്ത്രാലയം പൂർത്തിയാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

