നിയമലംഘനങ്ങൾ അനുവദിക്കില്ല; റമദാന്റെ പവിത്രതയും നിയമങ്ങളും മാനിക്കണം
text_fieldsകുവൈത്ത് സിറ്റി: റമദാന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സമഗ്ര സുരക്ഷ, സേവന പദ്ധതി ആരംഭിച്ചു. റമാദാനിലെ ആത്മീയ അന്തരീക്ഷം ചൂഷണം ചെയ്യുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ല.
നിയമലംഘകരെ നിരീക്ഷിക്കുന്നതിനും, പിടികൂടുന്നതിനും, ഭിക്ഷാടനം ഇല്ലാതാക്കുന്നതിനും പ്രത്യേക സുരക്ഷ സംഘങ്ങൾ രൂപവത്കരിച്ചിട്ടുണ്ട്. റെസിഡൻസി പെർമിറ്റുകൾ ഇല്ലാതെ രാജ്യത്ത് തങ്ങുന്നവർക്കെതിരെ നാടുകടത്തൽ അടക്കമുള്ള നിയമനടപടി സ്വീകരിക്കും. നിയമം ലംഘിക്കുന്നവരും സ്പോൺസർ ചെയ്യുന്നവരും നടപടി നേരിടേണ്ടിവരും.
യാചകർക്കെതിരെ നടപടി
വാണിജ്യ കേന്ദ്രങ്ങളിലും പള്ളികൾക്ക് സമീപവും കേന്ദ്രീകരിക്കുന്ന യാചകർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാർക്കറ്റുകളിലും പള്ളികൾക്ക് സമീപവുമുള്ള നിരീക്ഷണ കാമറകൾ കൃത്യമായി പരിശോധിച്ച് നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കും. യാചനയോ മറ്റു മോശമായ പെരുമാറ്റമോ സംബന്ധിച്ച കേസുകൾ 112 എന്ന സെൻട്രൽ ഓപ്പറേഷൻസ് റൂം വഴി റിപ്പോർട്ട് ചെയ്യണമെന്ന് അധികൃതർ അഭ്യർഥിച്ചു. റമദാൻ നോമ്പ് സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചാൽ ഒരു മാസം വരെ തടവും 100 ദീനാർ പിഴയും ഒടുക്കേണ്ടിവരും.
പ്രത്യേക ഗതാഗത, സുരക്ഷ പദ്ധതി
റമദാനിൽ ആഭ്യന്തര മന്ത്രാലയം പ്രത്യേക ഗതാഗത, സുരക്ഷ പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. പ്രധാന റോഡുകൾ, കവലകൾ, തിരക്കേറിയ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തീവ്രമായ പട്രോളിങ് നടത്തും.
പൗരന്മാരുടെയും താമസക്കാരുടെയും സുഖവും സുരക്ഷയും ഉറപ്പാക്കുക, സുഗമമായ ഷോപ്പിങ്ങും മതപരമായ പ്രവർത്തനങ്ങളും സുഗമമാക്കുക, ഗതാഗത, സുരക്ഷ ചട്ടങ്ങൾ നടപ്പിലാക്കുക എന്നിവയാണ് ലക്ഷ്യം. റമദാൻ മാസത്തിൽ മന്ത്രാലയത്തിലെ വകുപ്പുകളും മേഖലകളും രാവിലെ 10 മുതൽ ഉച്ചക്ക് 2:30 വരെ പ്രവർത്തിക്കുമെന്ന് ട്രാഫിക് ആൻഡ് ഓപ്പറേഷൻസ് സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ അബ്ദുല്ല അൽ അതീഖി അറിയിച്ചു.
ചന്ദ്രക്കല കാണുന്നവർ അറിയിക്കണം
കുവൈത്ത് സിറ്റി: രാജ്യത്ത് നോമ്പ് ഉറപ്പാക്കുന്നതിനായി ചാന്ദ്രദർശന കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. വൈകുന്നേരം 5:30 മുതൽ ചാന്ദ്രദർശന കമ്മിറ്റി ചന്ദ്രകല നിരീക്ഷിക്കുമെന്ന് ചാന്ദ്രദർശന അതോറിറ്റി അറിയിച്ചു.
ചന്ദ്രക്കല കാണുന്നവർ അധികൃതരെ അറിയിക്കണമെന്നും അഭ്യർഥിച്ചു. തുടർന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കും. ചൊവ്വാഴ്ച മാസപ്പിറ കണ്ടാൽ ബുധനാഴ്ച മുതൽ റമദാൻ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

