നിയമലംഘനം: ആറ് സ്വകാര്യ ക്ലിനിക്കുകൾ പൂട്ടി
text_fieldsകുവൈത്ത് സിറ്റി: നിയമലംഘനത്തെ തുടർന്ന് ആറ് സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യ മന്ത്രാലയം അടച്ചുപൂട്ടി. ആരോഗ്യ പരസ്യ നിയമങ്ങളുടെ ലംഘനം, ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘനം എന്നിവയെ തുടര്‍ന്നാണ് നടപടി.
മെഡിക്കൽ ചട്ടങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്ന് ഏഴു ഡോക്ടർമാരെ അന്വേഷണത്തിന് റഫർ ചെയ്യാനും അധികൃതർ നിർദേശം നൽകി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി മെഡിക്കൽ ക്ലിനിക്കുകളാണ് ആരോഗ്യ നിയമലംഘനത്തിന്റെ പേരില്‍ രാജ്യത്ത് അടച്ചുപൂട്ടിയത്.
മെഡിക്കൽ പ്രഫഷന്റെ ധാർമികത, നിയമങ്ങൾ, തത്ത്വങ്ങൾ എന്നിവക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ പരിശോധന സംഘങ്ങൾ നിരീക്ഷിക്കുന്നുണ്ട്. പ്രഫഷനൽ തത്ത്വങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.

