താമസ, തൊഴിൽ നിയമലംഘനം: 318 പേർ പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് താമസ, തൊഴിൽ നിയമ ലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 318 പേർ പിടിയിലായി. ഫഹാഹീൽ, മഹ്ബൂല, ഫർവാനിയ, അൽ റായ്, ഹവല്ലി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.
നിയമലംഘകരെ കണ്ടെത്തുന്നതിനായുള്ള വിവിധ വകുപ്പുകളുടെ ഏകോപനത്തിൽ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസ് രാവിലെയും വൈകുന്നേരവും നടത്തിയ പരിശോധനാ കാമ്പയിനിലാണ് പ്രതികൾ പിടിയിലായത്. ഷുവൈഖ് വ്യവസായിക മേഖലയിലെ വർക്ക്ഷോപ്പുകളിലും മുനിസിപ്പാലിറ്റി, വ്യവസായ അതോറിറ്റി, പബ്ലിക് അതോറിറ്റി ഫോർ എൻവയൺമെന്റ്, എൻവയൺമെന്റൽ പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഇവിടെനിന്ന് 28 പേർ അറസ്റ്റിലായി. പിടിയിലായവർക്കെതിരെ നാടുകടത്തൽ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കും. ഇതിനായി ഇവരെ ബന്ധപ്പെട്ട വിഭാഗത്തിനു കൈമാറി. താമസ നിയമം, തൊഴിൽ നിയമം എന്നിവ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി രാജ്യത്ത് വ്യാപക പരിശോധന നടന്നുവരുകയാണ്.

