കമ്പനികളുടെ നിയമലംഘനം: തൊഴിലാളികളെ നാടുകടത്തുമെന്ന് മുന്നറിയിപ്പ്
text_fieldsകുവൈത്ത് സിറ്റി: നിയമലംഘനം നടത്തുകയും മുന്നറിയിപ്പ് നൽകിയിട്ടും തിരുത്താതിരിക്കുകയും ചെയ്യുന്ന കമ്പനികളിലെ മുഴുവൻ തൊഴിലാളികളെയും നാടുകടത്തുമെന്ന് മാൻപവർ അതോറിറ്റിയുടെ മുന്നറിയിപ്പ്.തൊഴിൽ നിയമം ലംഘിക്കുന്ന കമ്പനികളുടെ ഫയൽ മരവിപ്പിക്കുകയാണ് ചെയ്തുവരുന്നത്. എന്നിട്ടും നിരവധി കമ്പനികൾ മാൻപവർ അതോറിറ്റിയുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ തീർക്കാതെ ബിസിനസ് പതിവ് പോലെ തുടരുകയും ചെയ്യുന്നു. ഇത് അനുവദിക്കില്ലെന്നും അടുത്ത വർഷം ശക്തമായ നടപടികളുണ്ടാവുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
പ്രവർത്തനം അസാധ്യമാക്കും വിധം മുഴുവൻ തൊഴിലാളികളെയും മുന്നറിയിപ്പില്ലാതെ നാടുകടത്തുന്നതാണ് പരിഗണിക്കുന്നതെന്ന് അധികൃതർ സൂചിപ്പിച്ചു. മനുഷ്യക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ വിസക്കച്ചവടം നടത്തൽ, ഇഖാമ കാലാവധി കഴിഞ്ഞ തൊഴിലാളികളെ ജോലിക്ക് വെക്കൽ, തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിനും മതിയായ താമസസൗകര്യം ഉറപ്പാക്കുന്നതിലും വീഴ്ച തുടങ്ങിയ നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കും.
വിസക്കച്ചവടത്തിനായി മാത്രം രൂപവത്കരിച്ച കടലാസുകമ്പനികളെ പിടികൂടാൻ ജനുവരി മുതൽ പ്രത്യേക പരിശോധന കാമ്പയിൻ നടത്തും. ഫയലുകൾ മരവിപ്പിക്കപ്പെട്ടിട്ടുള്ള കമ്പനിയുമായി ബന്ധപ്പെട്ടവർ എത്രയും വേഗം മാൻപവർ അതോറിറ്റിയുമായി ബന്ധപ്പെടണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കുവൈത്ത് പ്രതിജ്ഞാബദ്ധമാണ്. അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കുന്ന തൊഴിൽ നിയമങ്ങളും മാർഗനിർദേശങ്ങളും രാജ്യം പാലിക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

