വിജയൻ നായർ യാത്ര തിരിക്കുന്നു; ഇന്ത്യ-കുവൈത്ത് ബന്ധത്തിന്റെ ഊഷ്മള മാതൃക തീർത്ത്
text_fieldsവിജയൻ നായരും ഭാര്യ ശ്രീകുമാരിയും
കുവൈത്ത് സിറ്റി: കുവൈത്ത് വാർത്താമന്ത്രാലയത്തിൽ നാലര പതിറ്റാണ്ടിലേറെ നീണ്ട നിസ്തുല സേവനത്തിനുശേഷം വിജയൻ നായർ നാട്ടിലേക്കു മടങ്ങുന്നു. ദീർഘകാല കുവൈത്ത് ജീവിതത്തിനിടയിൽ ഇന്ത്യ-കുവൈത്ത് ബന്ധത്തിന് തന്റെ സേവനവും ജീവതവും കൊണ്ട് മാതൃക തീർത്തുള്ള മടക്കം. വാർത്താ മന്ത്രാലയം ഉദ്യോഗസഥൻ എന്ന നിലയിൽ കുവൈത്തിനും വിവിധ രാജ്യങ്ങൾക്കുമിടയിൽ പ്രധാന കണ്ണിയായിരുന്നു വിജയൻ നായർ.
ജി.സി.സി ഉച്ചകോടി, ഇസ്ലാമിക രാജ്യങ്ങളുടെ സംഘടനാ സമ്മേളനങ്ങൾ, കുവൈത്ത് ദേശീയ അസംബ്ലി തെരഞ്ഞെടുപ്പുകൾ, യു.എസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സന്ദർശനം, ലോക ഇസ്ലാമിക് ബാങ്ക് സമ്മേളനം, ഏഷ്യൻ ഷൂട്ടിങ് ചാമ്പ്യൻഷിപ്പ്, ലോക ഇസ്ലാമിക് സാമ്പത്തിക ഫോറം, ഏഷ്യ സഹകരണ സംഭാഷണ ഉച്ചകോടി, അറബ് ലീഗ് ഉച്ചകോടി, വിവിധ സമാധാന ചർച്ചകൾ തുടങ്ങി കുവൈത്ത് സർക്കാർ സംഘടിപ്പിച്ച നിരവധി അന്താരാഷ്ട്ര പരിപാടികളുടെ ഘട്ടത്തിൽ മന്ത്രാലയ ഓഫിസിൽ പ്രവർത്തിക്കാൻ അവസരം ലഭിച്ച ചുരുക്കം ഇന്ത്യക്കാരിൽ ഒരാളാണ് വിജയൻ നായർ.
വിദേശ, അന്താരാഷ്ട്ര മാധ്യമ പ്രവർത്തകരുടെയും മറ്റ് സർക്കാർ അതിഥികളുടെയും ദൗത്യം സുഗമമാക്കുന്നതിന് ഈ ഘട്ടങ്ങളിലെല്ലാം വിജയൻ നായർ മന്ത്രാലയ ഉദ്യോഗസ്ഥരുമായി ഏകോപനപ്രവർത്തനങ്ങൾ നടത്തി.
കുവൈത്തിലേക്ക്...
പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലെ വീട്ടിൽ നിന്ന് 22ാം വയസ്സിലാണ് വിജയൻ നായർ കുവൈത്തിലെത്തുന്നത്. 1980ന്റെ തുടക്കത്തിൽ കുവൈത്ത് അതിന്റെ ഉന്നതിയിലേക്ക് കുതിക്കുന്ന ഘട്ടമായിരുന്നു അത്. ഏതാനും മാസങ്ങൾ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത ശേഷം വിജയൻ നായർ വൈകാതെ ഇൻഫർമേഷൻ മന്ത്രാലയത്തിൽ ഇൻഫർമേഷൻ മന്ത്രി ശൈഖ് നാസർ മുഹമ്മദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ ഓഫിസിൽ അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറിയായി ചേർന്നു. 1990 ലെ കുവൈത്തിലെ ഇറാഖി അധിനിവേശം വരെ ഈ പദവിയിൽ തുടർന്നു. 1991 മുതൽ ഇൻഫർമേഷൻ മന്ത്രാലയത്തിൽ അന്താരാഷ്ട്ര മാധ്യമവകുപ്പ് വിഭാഗത്തിലേക്ക് മാറി. രണ്ടു വർഷം മുമ്പ് ജോലിയിൽ ഔദ്യോഗികമായി വിരമിച്ചെങ്കിലും കുവൈത്തിനോടുള്ള ഇഷ്ടം കാരണം ഇവിടെത്തന്നെ തുടരുകയായിരുന്നു.
ദീർഘകാല കുവൈത്ത് ജീവിതത്തിൽ ജീവകാരുണ്യരംഗത്തും സാമൂഹിക, സാസ്കാരിക രംഗത്തും വിജയൻ നായർ ഇടപെടൽ നടത്തി. സമാന ചിന്താഗതിക്കാരുമായി ചേർന്ന് നാഫോ ഗ്ലോബൽ കുവൈത്ത് എന്ന സംഘടന രൂപവത്കരിക്കുകയും വിവിധ പദവികൾ വഹിക്കുകയും ചെയ്തു. വ്യക്തിപരമായും സാമൂഹിക ക്ഷേമ, സാമ്പത്തിക വികസന പ്രവർത്തനങ്ങളിൽ പങ്കാളിയായി.
ഇനി നാട്ടിൽ
കുവൈത്തിൽ ഇസ്ലാമിക് ആർട്സ് മ്യൂസിയം ഡയറക്ടർ ജനറലും അസ്സബാഹ് കളക്ഷന്റെ സഹ ഉടമയുമായ ശൈഖ ഹുസ്സ സബാഹ് അസ്സബാഹിന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയായി സേവനം ചെയ്തിരുന്ന ഭാര്യ ശ്രീകുമാരിയും വിജയൻ നായരോടൊപ്പം നാട്ടിലേക്ക് തിരിക്കും. ആറന്മുളയിലെ വീടും പരിസരവും നാടോർമകളുമായി ഇവരെ കാത്തിരിക്കുന്നുണ്ട്. ഇനി നാട്ടിൽ ഗ്രാമീണാന്തരീക്ഷത്തിൽ വിരമിക്കൽ ജീവിതം. വെള്ളിയാഴ്ച വൈകീട്ട് ഏഴിനുള്ള കുവൈത്ത് എയർവേയ്സിൽ ഇരുവരും നാട്ടിലേക്ക് മടങ്ങും.
അപ്പോഴും കുവൈത്തുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വിജയൻ നായരും ശ്രീകുമാരിയും പറയും. ഡോക്ടറായ ഏക മകൾ ശ്രീവിദ്യയും ഭർത്താവ് ഡോ. സുജിത്തും രണ്ടു ചെറുമക്കളും കുവൈത്തിൽ ഉണ്ട്. അവരെ കാണാൻ, ജീവിതത്തിന് പുതിയ അർഥതലങ്ങൾ സമ്മാനിച്ച കുവൈത്തിനെ അനുഭവിക്കാൻ സന്ദർശകരായി ഇടക്കിടെ ഇവർ മടങ്ങിയെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

