മുഖച്ഛായ മാറ്റും ബഹുമുഖ പദ്ധതികൾ
text_fieldsഗൾഫിലെ ആറു രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഗൾഫ് കോഓപറേഷൻ കൗൺസിൽ (ജി.സി.സി) നാലു പതിറ്റാണ്ട് പിന്നിടുേമ്പാൾ മേഖലയുടെ മുഖച്ഛായ തന്നെ മാറ്റുന്ന നിരവധി പൊതുവികസന പദ്ധതികളാണ് നടപ്പാക്കാനിരിക്കുന്നത്. ഇടക്കുണ്ടായ അസ്വാരസ്യം ഒത്തുതീർപ്പാക്കി െഎക്യം പുനഃസ്ഥാപിക്കപ്പെട്ട സാഹചര്യത്തിൽ ഇനി ഇൗ പദ്ധതികൾക്ക് ജീവൻവെക്കുകയും വേഗത്തിലാകുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഗൾഫ് രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ജി.സി.സി റെയിൽ പദ്ധതിയാണ് അതിൽ പ്രധാനം.
പശ്ചിമേഷ്യയിലെ ഗതാഗത സംവിധാനത്തിെൻറ മുഖച്ഛായ തന്നെ മാറ്റിമറിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതാണ് നിർദിഷ്ട ജി.സി.സി െറയിൽവേ പദ്ധതി. 25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതി പൂർത്തിയാകുന്നതോടെ ജി.സി.സി രാജ്യങ്ങൾ തമ്മിലെ അകലം ഒന്നുകൂടി കുറയും. പദ്ധതി യാഥാർഥ്യമാകുന്നത് അംഗരാജ്യങ്ങൾക്കിടയിലെ യാത്ര, ചരക്കുനീക്കം എളുപ്പമാക്കുമെന്നും ഇതുവഴി ജി.സി.സിതലത്തിൽ സാംസ്കാരിക, വാണിജ്യ, വ്യവസായ സഹകരണം കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.
2,177 കി.മീ ദൈർഘ്യമുള്ള ട്രാക്കിലൂടെ യാത്രാ ട്രെയിനുകൾക്കൊപ്പം ചരക്കുതീവണ്ടികളും കൂകിപ്പായും. ഇത് വാണിജ്യ മേഖലയിലും ഉണർവിന് കാരണമാവും. ഒാരോ രാജ്യങ്ങളും സ്വന്തം ഭാഗത്തെ ഭാഗം പൂർത്തിയാക്കുകയും തുടർന്ന് പരസ്പരം ബന്ധിപ്പിക്കുകയും ചെയ്യുന്ന പദ്ധതി പൂർത്തിയായാൽ ജനങ്ങൾക്ക് ഏറെ സൗകര്യമാകും. മേഖലയുടെ വികസന രംഗത്ത് കുതിപ്പിന് വഴിവെക്കുകയും ചെയ്യും. വിവിധ കാരണങ്ങളാൽ പദ്ധതി മന്ദീഭവിച്ച് കിടക്കുകയായിരുന്നു. ഏറ്റവും പ്രധാന തടസ്സമായിരുന്ന സൗദി സഖ്യരാജ്യങ്ങളും ഖത്തറും തമ്മിലുണ്ടായ തർക്കം തീർന്നതോടെ സ്ഥലമെടുപ്പ് അടക്കം മറ്റു തടസ്സങ്ങൾ നീക്കാൻ ജി.സി.സി രാഷ്ട്രങ്ങൾക്കാവും.
മോണിറ്ററി യൂനിയൻ, ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ ലിങ്കേജ് പ്രോജക്ട്, ജി.സി.സി നാവിക സേന, ജി.സി.സി ഹെൽത്ത് കാർഡ് ഉൾപ്പെടെ നിരവധി പദ്ധതികളാണ് പാതിവഴിയിലുള്ളത്. ഏകീകൃത കറൻസി പദ്ധതി നടപ്പാക്കുന്നതിന് ജി.സി.സി നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും എങ്ങുമെത്തിയിട്ടില്ല. പുതിയ സാഹചര്യത്തിൽ പെെട്ടന്ന് അല്ലെങ്കിലും ഭാവിയിൽ അതും യാഥാർഥ്യമായാൽ അത്ഭുതപ്പെടാനില്ല.
ഗൾഫ് രാജ്യങ്ങളിലെ വ്യാപാര, വിനോദസഞ്ചാര മേഖലകൾ ജനകീയമാക്കുകയെന്ന ലക്ഷ്യത്തോടെ ഏകീകൃത ടൂറിസം, ബിസിനസ് വിസ സമ്പ്രദായം കൊണ്ടുവരാനും നീക്കമുണ്ടായിരുന്നു. യൂറോപ്പിലെ ഷംഗൻ വിസയുടെ മാതൃകയിൽ 35 ഓളം വിദേശരാജ്യങ്ങൾക്ക് ഈ വിസയുടെ പ്രയോജനം ലഭ്യമാക്കാനാണ് പദ്ധതിയിട്ടത്. ഈ വിസ ലഭിക്കുന്നവർക്ക് മറ്റു വിസയില്ലാതെ ജി.സി.സി രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ എന്നിവ സന്ദർശിക്കാം എന്നതായിരുന്നു പദ്ധതി.
ജി.സി.സി ഏകീകൃത കറൻസി പദ്ധതിയും പ്രാരംഭഘട്ടത്തിൽനിന്ന് മുന്നോട്ടുപോയിട്ടില്ല. കുവൈത്ത്, ഖത്തർ, സൗദി, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് ഏകീകൃത കറൻസിക്ക് തയാറായി മുന്നോട്ടുവന്നിരുന്നത്. ഒമാനും യു. എ.ഇയും പൊതു കറൻസിക്ക് തങ്ങളില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ജി.സി.സി കറൻസി പദ്ധതിയുടെ ന്യൂക്ലിയസ് ആയി മോണിറ്ററി ബോർഡ് രൂപവത്കരിച്ച് പ്രാഥമിക നടപടികൾ ആരംഭിച്ച ഘട്ടത്തിലാണ് യൂറോയുടെ തകർച്ചയുൾപ്പെടെയുള്ള സംഭവങ്ങളുണ്ടാവുന്നത്. അന്നുനിലച്ച പദ്ധതിക്ക് പിന്നീട് ജീവൻവെച്ചിട്ടില്ല. സ്മാർട്ട് കാർഡ് ഏർപ്പെടുത്തി ഇ-ലിങ്കിങ് വഴി ജി.സി.സി രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങളെ ബന്ധിപ്പിച്ച് എത് ജി.സി.സി രാജ്യത്ത് എത്തിയാലും പരിശോധിക്കാവുന്ന രീതിയിലുള്ള ഇ-ഹെൽത്ത് കാർഡ് പദ്ധതി നടപ്പായാൽ സൗകര്യമാണ്.
ഇത്തരത്തിൽ പ്രയോഗത്തിൽ എത്തിയിട്ടില്ലാത്ത നിരവധി പദ്ധതി നിർദേശങ്ങളുണ്ട്. പുതിയ െഎക്യത്തിെൻറ, ഉൗർജത്തിൽ ഇൗ പദ്ധതികൾ പ്രയോഗതലത്തിൽ വന്നാൽ മേഖലയിലുണ്ടാവുന്ന മാറ്റവും പുരോഗതിയും ചെറുതായിരിക്കില്ല. വിവിധ ഗൾഫ് രാജ്യങ്ങളിൽ സ്വദേശികളെക്കാളേറെയുള്ള പ്രവാസികൾക്ക്, പ്രതേകിച്ച് മലയാളികൾക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ പൊതുപദ്ധതികളും.
-അവസാനിച്ചു
തയാറാക്കിയത്: നജീം കൊച്ചുകലുങ്ക്, സാദിഖ് തുവ്വൂർ, സാജിദ് ആറാട്ടുപുഴ (സൗദി), ഒ. മുസ്തഫ (ഖത്തർ), റഫീഖ് മുഹമ്മദ് (ഒമാൻ), എ. മുസ്തഫ (കുവൈത്ത്), നാഷിഫ് അലിമിയാൻ (യു.എ.ഇ), സഇൗദ് റമദാൻ (ബഹ്റൈൻ)
ഏകോപനം: റഹ്മാൻ എലങ്കമൽ, സവാദ് റഹ്മാൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

