വാഹന മോഷ്ടാവ് പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: വാഹനങ്ങൾ മോഷ്ടിക്കുന്നത് പതിവാക്കിയ ആൾ പിടിയിൽ. കാറുകൾ മോഷണം പോയതായി വിവിധ രാജ്യക്കാരായ പ്രവാസികൾ നൽകിയ റിപ്പോർട്ടിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
പരാതിയെ തുടർന്ന് വാഹന മോഷണങ്ങൾ കണ്ടെത്തുന്നതിനായി ഹവല്ലി ഡിറ്റക്ടീവ് ടാസ്ക് ഫോഴ്സ് രൂപവത്കരിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണങ്ങളിലും നിരീക്ഷണത്തിലുമാണ് പ്രതിയെ പിടികൂടിയത്. ഉടമകൾ നിർത്തിപോകുന്ന വാഹനങ്ങൾ ലക്ഷ്യമിട്ടായിരുന്നു മോഷണം.
ഇതിനിടെ, മോഷ്ടിച്ച വാഹനത്തിൽനിന്ന് ലഭിച്ച ബാങ്ക് കാർഡ് ഉപയോഗിച്ച് പ്രതി പണം പിൻവലിക്കുകയും ചെയ്തു. ഇത് പ്രതിയിലേക്ക് എത്താൻ സഹായകമായി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റസമ്മതം നടത്തുകയും മോഷ്ടിച്ച കാറുകളെക്കുറിച്ച വിശദാംശങ്ങൾ നൽകുകയും ചെയ്തു. പ്രതി മറ്റു മോഷണങ്ങൾ നടത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്.

