മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ വിവിധ സംഘടനകൾ അനുശോചിച്ചു
text_fieldsകുവൈത്ത് സിറ്റി: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ കുവൈത്തിലെ വിവിധ സംഘടനകൾ അനുശോചിച്ചു. പ്രധാനമന്ത്രി എന്ന നിലയിലും സാമ്പത്തിക വിദ്ഗധൻ എന്ന നിലയിലും അദ്ദേഹം ആധുനിക ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ നിർണാകയ പങ്ക് വഹിച്ചതായി സംഘടനകൾ ചൂണ്ടിക്കാട്ടി.
കെ.എം.സി.സി
മൻമോഹൻ സിങ് പ്രധാനമന്ത്രിയായ പത്തുവർഷക്കാലം ഇന്ത്യ സമഗ്ര വികസനത്തിന്റെ പാതയിലായിരുന്നെന്ന് കെ.എം.സി.സി കുവൈത്ത് ചൂണ്ടിക്കാട്ടി. മികച്ച ഭരണാധികാരി, സാമ്പത്തിക വിദഗ്ധൻ, മനുഷ്യ സ്നേഹി എന്ന നിലയിൽ ഇന്ത്യൻ ജനതയുടെ മനസ്സിൽ എന്നും അദ്ദേഹം ഓർമിക്കപ്പെടുമെന്നും കെ.എം.സി.സി ആക്ടിങ് പ്രസിഡന്റ് റഊഫ് മഷ്ഹൂർ തങ്ങൾ, ആക്ടിങ് ജനറൽ സെക്രട്ടറി ഷാഹുൽ ബേപ്പൂർ എന്നിവർ അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു.
ഒ.ഐ.സി.സി
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ ഒ.ഐ.സി.സി കുവൈത്ത് നാഷനൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. ആധുനിക ഇന്ത്യയുടെ സാമ്പത്തിക അടിത്തറ കെട്ടിപ്പടുക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എന്നും ഓർമിക്കപ്പെടുമെന്ന് പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.എസ് . പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.
പി.സി.എഫ് കുവൈത്ത്
ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ പി.സി.എഫ് കുവൈത്ത് അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയുടെ സമാധാനപരമായ നിലപാടുകൾക്കും സാമ്പത്തിക സുതാര്യതക്കും ഒരു പ്രധാന സാന്നിധ്യമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ നിര്യാണം ഇന്ത്യയുടെ മതേതര കാഴ്ചപ്പാടുള്ള ഒരു വലിയ നേതാവിനെ നഷ്ടപ്പെടലാണ്. അദ്ദേഹത്തിന്റെ അനവധി സംഭാവനകൾ, പ്രത്യേകിച്ച് ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നയങ്ങൾ ചരിത്രത്തിൽ രേഖപ്പെടുത്തുമെന്നും പി.സി.എഫ് കുവൈത്ത് അനുസ്മരിച്ചു.
കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി
മൻമോഹൻ സിങ്ങിന്റെ നിര്യാണത്തെത്തുടർന്ന് രാജ്യത്തിന് ദീർഘവീക്ഷണമുള്ള രാഷ്ട്രതന്ത്രജ്ഞനെയും സാമ്പത്തിക പരിഷ്കാരങ്ങളുടെ സൂത്രധാരനെയും നഷ്ടപ്പെട്ടതായി കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി. മൻമോഹൻ സിങ്ങിന്റെ സംഭാവനകൾ ഇന്ത്യയുടെ രാഷ്ട്രീയ-സാമ്പത്തിക രംഗത്ത് എന്നും രേഖപ്പെടുത്തും. നിര്യാണം ഇന്ത്യൻ രാഷ്ട്രീയത്തിൽ തീരാനഷ്ടമാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.
ജി.കെ.പി.എ
ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ (ജി.കെ.പി.എ) അനുശോചിച്ചു. രാഷ്ട്രീയത്തിനപ്പുറം ഒരാൾ ഒരു രാജ്യത്ത് ജനസമ്മതനാകുന്നത് കൃത്യമായും ആ രാജ്യത്തിനായുള്ള അയാളുടെ ഇടപെടലുകൾ ജനോപകാരമായി ഭവിക്കുമ്പോഴാണ്. ഡോ. മൻമോഹൻ സിങ് എന്ന മുൻപ്രധാനമന്ത്രി ഇത്തരത്തിലാണ് വ്യത്യസ്തനാകുന്നത്. വിശാല കാഴ്ചപ്പാടുകളുള്ള നേതാവായിരുന്നു അദ്ദേഹമെന്നും ജി.കെ.പി.എ ചൂണ്ടിക്കാട്ടി.
കെ.എം.പി.ആർ.എ
ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ കുവൈത്ത് മൊബൈൽ ഫോൺ റീടൈലേഴ്സ് അസോസിയേഷൻ (കെ.എം.പി.ആർ.എ) സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. രാജ്യത്തെ സാമ്പത്തിക വിപ്ലവത്തിന്റെ വഴിയിലൂടെ നയിച്ച മഹാനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. മികച്ച ഭരണാധികാരി, സാമ്പത്തിക വിദഗ്ധൻ, സൗമ്യതയോടെ ഇന്ത്യയെ മുന്നോട്ടുനയിച്ച ദൃഢചിത്തനായ നേതാവ് എന്നിവയായിരുന്നു അദ്ദേഹമെന്നും പ്രസിഡന്റ് സുഹൈൽ അബൂബക്കർ, ജനറൽ സെക്രട്ടറി സമീർ പ്ലാസ എന്നിവർ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

