വനിത വേദി കുവൈത്ത് കേരളപ്പിറവി ദിനാഘോഷവും വെബിനാറും സംഘടിപ്പിച്ചു
text_fieldsവനിത വേദി കുവൈത്ത് കേരളപ്പിറവി ദിനാഘോഷം
കുവൈത്ത് സിറ്റി: വനിത വേദി കുവൈത്ത് കേരളപ്പിറവി ദിനാഘോഷവും അതോടനുബന്ധിച്ച് 'സാമ്പത്തിക സുരക്ഷ, ചെറുകിട പദ്ധതികൾ' വിഷയത്തിൽ വെബിനാറും സംഗീത സന്ധ്യയും സംഘടിപ്പിച്ചു. ലോക കേരള സഭാംഗം സാം പൈനുംമൂട് ഉദ്ഘാടനം നിർവഹിച്ചു. നോർക്ക ജനറൽ മാനേജർ അജിത് കോളാശ്ശേരി 'സാമ്പത്തിക സുരക്ഷ, ചെറുകിട പദ്ധതികൾ' വിഷയം അവതരിപ്പിച്ചു.
വനിതകൾക്കുള്ള സ്വയം തൊഴിൽ സംരംഭങ്ങൾ, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തുന്നവർക്കുള്ള പ്രവാസി ഭദ്രത പദ്ധതികൾ, വിവിധ വായ്പ പദ്ധതികൾ, ആനുകൂല്യങ്ങൾ, നോർക്കയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ എന്നിവ അദ്ദേഹം വിശദീകരിച്ചു. പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ ബോർഡ് അംഗം എൻ. അജിത് കുമാർ 'നോർക്കയും പ്രവാസി പദ്ധതികളും' വിഷയത്തിൽ പൊതുവായ പ്രവാസി പദ്ധതികൾ വിശദീകരിച്ചു. വനിത വേദി കുവൈത്ത് പ്രസിഡൻറ് സജിത സ്കറിയ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ആശ ബാലകൃഷ്ണൻ സ്വാഗതവും ട്രഷറർ അഞ്ജന സജി നന്ദിയും പറഞ്ഞു. കേരളപ്പിറവി സന്ദേശം കേന്ദ്ര കമ്മിറ്റി അംഗം അനിജ ജിജു അവതരിപ്പിച്ചു. ചോദ്യോത്തര പരിപാടി കേന്ദ്ര കമ്മിറ്റി അംഗം ഷെറിൻ ഷാജുവും വിവിധ യൂനിറ്റുകൾ അവതരിപ്പിച്ച 'സംഗീത സന്ധ്യ' പരിപാടി പ്രോഗ്രാം കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ സുനിത സോമരാജും നിയന്ത്രിച്ചു.

