ഒരുമയുടെ ഉത്സവമായി ‘വാക്കുത്സവ്’
text_fields‘വാക്കുത്സവ്’ത്തിൽ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് അംഗങ്ങൾ
കുവൈത്ത് സിറ്റി: കുവൈത്തിലെ വളാഞ്ചേരിക്കാരുടെ സാംസ്കാരിക സംഘടനയായ വളാഞ്ചേരി അസോസിയേഷൻ ഓഫ് കുവൈത്ത് (വാക്ക്) വാക്കുത്സവം 2024 കബ്ദ് റിസോർട്ടിൽ നടന്നു. നാട്ടിൽ നിന്നു ഒരുപാടു ദൂരെ ‘നമ്മൾ വളാഞ്ചേരിക്കാർ’ എന്ന വികാരത്താലുള്ള ഒത്തുചേരൽ മണലാരണ്യത്തിൽ ഒരു ദേശത്തിന്റെ പുനഃസൃഷ്ടിയായി. മരുഭൂമിയിലെ തണുത്ത കാലാവസ്ഥയിൽ അവർ ഗൃഹാതുരതയുടെ ഓർമക്കുളിരണിഞ്ഞു. പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയവ പടുത്തുയർത്താനും സംഗമം വേദിയായി.
ജീവിതത്തിന്റെ തിരക്കിനിടയിൽ മറന്നു പോയ കലാകായിക ചോദനകൾ ഉണർത്താനുള്ള വേദിയായും സംഗമം മാറി. പ്രായഭേദമന്യേ എല്ലാവരും വാക്കുത്സവം ആസ്വദിച്ചു. ബാർബിക്യു, ഗാനമേള, വിവിധയിനം മത്സരങ്ങൾ, ഫാമിലി ഗെയിംസ് എന്നിവ പരിപാടിക്ക് മിഴിവേകി. നാടിന്റെ തനതായ സ്വാദുണർത്തുന്ന ഭക്ഷണ വിഭവങ്ങൾ കൊണ്ടും പരിപാടി വേറിട്ടുനിന്നു.
ലോക വനിതാദിനത്തിൽ ഒരു രാവും പകലുമായി നടന്ന വാക്കുത്സവം വനിതകളെ ആദരിക്കുന്ന ചടങ്ങുകൂടിയായി മാറി. വാക്ക് വനിതാ വിങ് പ്രതിനിധി അരുണിമ പ്രജുൽ ഈ വിഷയത്തെ അധികരിച്ച് സംസാരിച്ചു. പരിപാടികൾക്ക് പ്രസിഡന്റ് ഹമീദ് വളാഞ്ചേരി, സെക്രട്ടറി ഫാസിൽ, ഷൗക്കത്ത് വളാഞ്ചേരി, റിയാസ് കാവുമ്പുറം, ഫാരിസ് കല്ലൻ, ഷമീർ വളാഞ്ചേരി, നദീർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

