ഇൗ ആഴ്ച കൂടുതൽ വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ ഇൗ ആഴ്ച കൂടുതൽ കോവിഡ് വാക്സിനേഷൻ കേന്ദ്രങ്ങൾ തുറക്കും. ഒാരോ ഹെൽത്ത് ഡിസ്ട്രിക്ടിലും ഏഴു വീതം കുത്തിവെപ്പുകേന്ദ്രങ്ങൾ എത്തിക്കാനാണ് പദ്ധതി. വാക്സിൻ ക്ഷാമം ഒരു പരിധി വരെ പരിഹരിക്കപ്പെട്ടതോടെ കൂടുതൽ കേന്ദ്രങ്ങൾ തുറന്ന് കുത്തിവെപ്പ് ദൗത്യം വേഗത്തിലാക്കാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്. ഇതോടൊപ്പം കൂടുതൽ മൊബൈൽ വാക്സിനേഷൻ യൂനിറ്റുകൾ സജ്ജീകരിക്കാനും നീക്കമുണ്ട്. സഹകരണ സംഘങ്ങൾ, കമേഴ്സ്യൽ കോംപ്ലക്സുകൾ, പള്ളികൾ, ബാങ്കുകൾ, വിമാനത്താവളം എന്നിവിടങ്ങളിൽ മൊബൈൽ യൂനിറ്റുകൾ പ്രവർത്തിക്കും. ഒാരോ യൂനിറ്റിലും ഒരു ഡോക്ടറും പത്ത് നഴ്സുമാരും ഒരു പാരാമെഡിക്കൽ സ്റ്റാഫുമാണ് ഉണ്ടാകുക.
വിവരവിനിമയ സംവിധാനങ്ങളും അടങ്ങിയ അത്യാധുനിക വാക്സിനേഷൻ യൂനിറ്റുകളാണ് ആരോഗ്യ മന്ത്രാലയം സജ്ജീകരിക്കുന്നത്. രാവിലെയും വൈകുന്നേരവും പ്രവർത്തിക്കും. സലൂൺ, റസ്റ്റാറൻറ്, വാണിജ്യ സമുച്ചയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാരെ വാക്സിനേഷെൻറ മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശനിയാഴ്ച രണ്ടാമത് ബാച്ച് ആസ്ട്രസെനക വാക്സിൻ കുവൈത്തിലെത്തി. ഞായറാഴ്ച 11ാമത് ബാച്ച് ഫൈസർ വാക്സിനും എത്തി. 20 ലക്ഷം ഡോസ് ഫൈസർ വാക്സിനുകൂടി ആരോഗ്യ മന്ത്രാലയം ബുക്കിങ് നടത്തിയിട്ടുണ്ട്. ഇതോടെ വാക്സിൻ ലഭ്യതയുടെ പ്രശ്നമുണ്ടാകില്ല. ജോൺസൻ ആൻഡ് ജോൺസൻ, മോഡേണ വാക്സിൻ ഇറക്കുമതിക്കും ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

