ലോകം ആഗ്രഹിക്കുന്നത് സമാധാനമാണ്
text_fieldsഇസ്മായിൽ വള്ളിയോത്ത്
അവസാനിക്കാത്ത യുദ്ധവെറിക്കും അധികാരത്തിന്റെ അഹങ്കാരത്തിനും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരെയുള്ള അമേരിക്കൻ ജനതയുടെ ശക്തമായ താക്കീതാണ് യു.എസ് ഇടക്കാല തെരഞ്ഞെടുപ്പുഫലം നൽകുന്നത്. റിപ്പബ്ലിക്കൻ പാർട്ടി നേരിട്ട കനത്ത പരാജയത്തിന് കാരണം ഇറാൻ യുദ്ധത്തോടുള്ള ജനങ്ങളുടെ കടുത്ത അമർഷമാണെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസന്റെ തുറന്നുപറച്ചിലും ഇറാനെതിരെ അഴിച്ചുവിട്ട ഏകപക്ഷീയ യുദ്ധമാണ് പാർട്ടിയുടെ തോൽവിക്ക് ഭാഗികമായ കാരണമെന്ന ട്രംപിന്റെ വെളിപ്പെടുത്തലും വ്യക്തമാക്കുന്നത് യുദ്ധഭ്രാന്തിനെതിരെയുള്ള ജനരോഷമാണ്. വരാനിരിക്കുന്ന നാളുകളിൽ ആഗോള രാഷ്ട്രീയ ക്രമത്തിൽ സംഭവിച്ചേക്കാവുന്ന നിർണായക മാറ്റങ്ങളുടെ സൂചനകൾ ഇതിനകം കണ്ടുതുടങ്ങിയിരിക്കുന്നു.
ഒടുങ്ങാത്ത അധികാരഗർവ്വും ഏകപക്ഷീയ ഉപരോധങ്ങളും കൊണ്ട് ഒരു ജനതയെയും അധികകാലം അടിച്ചമർത്താൻ കഴിയില്ലെന്ന ചരിത്രത്തിന്റെ അനിവാര്യമായ പാഠമാണിത്. മനുഷ്യരെ വംശീയമായി ഭിന്നിപ്പിക്കുന്ന ഏകാധിപത്യ പ്രവണതകൾക്കെതിരെയുള്ള വ്യക്തമായ മുന്നറിയിപ്പാണ് ജനവിധി. യൂറോപ്പിലും ഇന്ത്യയിലും ഉൾപ്പെടെ അതിവേഗം ശക്തിയാർജിക്കുന്ന തീവ്ര വലതുപക്ഷ വിധ്വംസക രാഷ്ട്രീയത്തിനെതിരായ ജനകീയ ചെറുത്തുനിൽപ്പുകളെ ഈ തെരഞ്ഞെടുപ്പുഫലങ്ങൾ നിർണായകമായി സ്വാധീനിക്കുമെന്നത് തീർച്ചയാണ്.
അധികാരമോഹങ്ങൾക്കും സംഘർഷങ്ങൾക്കുമപ്പുറം ലോകമൊന്നാകെ ആഗ്രഹിക്കുന്നത് സമാധാനമാണ് എന്നത് തന്നെയാണ് ഈ തെരഞ്ഞെടുപ്പ് നൽകുന്ന ഏറ്റവും വലിയ തിരിച്ചറിവ്. യുദ്ധക്കൊതിയന്മാരായ ഭരണാധികാരികളുടെ അധിനിവേശ ആർത്തിക്കപ്പുറം നീതിയും സമാധാനവുമാണ് എല്ലാവരും ഒരേപോലെ ആഗ്രഹിക്കുന്നതെന്ന വിശാലമായ ബോധ്യത്തിലേക്ക് ലോകം പതുക്കെപ്പതുക്കെ നടന്നടുക്കുന്നത് വലിയ പ്രതീക്ഷകൾ നൽകുന്നുണ്ട്.
ജനങ്ങളെ ഭിന്നിപ്പിക്കുന്ന രാഷ്ട്രീയമല്ല, മറിച്ച് രാജ്യത്തെ ഒന്നിച്ചുനിർത്തുന്ന രാഷ്ട്രീയമാണ് അമേരിക്കൻ ജനത ആഗ്രഹിക്കുന്നതെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ വാക്കുകൾ ഓർമ്മപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ കരുത്ത് ജനങ്ങളിലാണെന്ന വ്യക്തമായ സന്ദേശമാണ്.

