യു.എസ്-ഇറാൻ സംഘർഷം; കുവൈത്ത് സുപ്രീം ഡിഫൻസ് കൗൺസിൽ യോഗം ചേർന്നു
text_fieldsപ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന സുപ്രീം
ഡിഫൻസ് കൗൺസിൽ യോഗം
കുവൈത്ത് സിറ്റി: ഇറാനുമായി ബന്ധപ്പെട്ട് പ്രാദേശിക സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത്. പ്രധാനമന്ത്രിയും സുപ്രീം ഡിഫൻസ് കൗൺസിൽ ചെയർമാനുമായ ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിൽ യോഗത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി.
മേഖല, അന്തർദേശീയ തലങ്ങളിലെ പ്രധാന സംഭവവികാസങ്ങൾ കൗൺസിൽ ചർച്ച ചെയ്തു. രാജ്യത്തെ എല്ലാ പ്രധാന വകുപ്പുകളുടെയും സന്നദ്ധത അവലോകനം ചെയ്യുകയും ഉയർന്ന തലത്തിലുള്ള ഏകോപനത്തിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.
മേഖലയിൽ യു.എസ് വൻതോതിലുള്ള സൈനിക വിന്യാസവും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാനെ ആക്രമിക്കുമെന്ന യു.എസിന്റെ ആവർത്തിച്ചുള്ള ഭീഷണികളുടെ പശ്ചാത്തലത്തിലാണ് സുപ്രധാന യോഗം.
അതിനിടെ, കുവൈത്ത് നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് നാഷനൽ ഗാർഡ് അംഗങ്ങളെ സന്ദർശിച്ചു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിർത്തുന്നതിന് ജാഗ്രതയുടെയും സുരക്ഷ നിർദേശങ്ങൾ പാലിക്കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഉണർത്തി.
ആസന്നമായ അപകടങ്ങൾക്കെതിരെ പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ഉപയോഗിക്കാവുന്ന സൈറൺ സംവിധാനത്തിന്റെ പ്രതിമാസ പരീക്ഷണം കുവൈത്ത് കഴിഞ്ഞ മാസം പുനരാരംഭിച്ചിരുന്നു.
ഈ ആഴ്ച ഇറാനെ ആക്രമിക്കാൻ യു.എസ് സൈന്യം തയാറാണെന്ന് വ്യാഴാഴ്ച വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമ റിപ്പോർട്ടുണ്ട്.
ഇറാനും അമേരിക്കയും തമ്മിലുള്ള ചർച്ചകൾ സ്തംഭിച്ചതോടെ ഇരു രാജ്യങ്ങളും സായുധ സംഘട്ടനത്തിലേക്ക് കൂടുതൽ അടുക്കുകയാണെന്ന് യു.എസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. എന്നാൽ അത്തരം നടപടികൾക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും റിപ്പോർട്ടുണ്ട്.
അതേസമയം, തങ്ങളെ ആക്രമിച്ചാൽ അറബ് ഗൾഫ് രാജ്യങ്ങളിലെ യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

