അധിനിവേശത്തെ പിന്തുണച്ച് യു.എസ് അംബാസഡര്
text_fieldsകുവൈത്ത് സിറ്റി: വെസ്റ്റ് ബാങ്ക് ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങളുടെ പ്രദേശങ്ങളിൽ ഇസ്രായേൽ അധിനിവേശം അംഗീകരിച്ചുകൊണ്ട് അമേരിക്കൻ അംബാസഡർ നടത്തിയ നിരുത്തരവാദപരമായ പ്രസ്താവനകളെ കുവൈത്ത് ശക്തമായി അപലപിച്ചു. ഇത്തരം പരാമർശങ്ങളെ നിരസിച്ച കുവൈത്ത് അന്താരാഷ്ട്ര നിയമ തത്ത്വങ്ങളുടെയും നിയമസാധുത പ്രമേയങ്ങളുടെയും വ്യക്തമായ ലംഘനമാണെന്നും വ്യക്തമാക്കി.
അമേരിക്കൻ അംബാസഡർ നടത്തിയ പരാമർശങ്ങൾ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച ദർശനത്തിനും സമാധാന ശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പദ്ധതികൾക്കും വിരുദ്ധമാണെന്ന് കുവൈത്ത് വിദേശകാര്യ മന്ത്രാലയം അടിവരയിട്ടു. മറ്റുള്ളവരുടെ ഭൂമിയിൽ നിയന്ത്രണം നിയമവിധേയമാക്കുന്ന ഏതൊരു നിർദേശവും സമാധാന ശ്രമങ്ങളെ ദുർബലപ്പെടുത്തുകയും സ്ഥിതിഗതികൾ കൂടുതൽ വശളാക്കുകയും ചെയ്യുമെന്നും ചൂണ്ടിക്കാട്ടി.
അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളുടെയോ മറ്റു അറബ് ദേശങ്ങളുടെയോ മേൽ ഇസ്രായേലിന് ഒരു പരമാധികാരവുമില്ലെന്ന് കുവൈത്ത് ആവർത്തിച്ചു. വെസ്റ്റ് ബാങ്കിനെ കൂട്ടിച്ചേർക്കാനോ ഗസ്സ മുനമ്പിൽനിന്ന് വേർപെടുത്താനോ ഉള്ള എല്ലാ ശ്രമങ്ങളെയും നിരസിക്കുകയും ഫലസ്തീൻ പ്രദേശങ്ങളിലെ കുടിയേറ്റ പ്രവർത്തനങ്ങൾ തുടരുന്നതിനെ എതിർക്കുകയും ചെയ്യുന്നു.
ഫലസ്തീൻ ജനതയുടെ സ്വയം നിർണയാവകാശത്തെ പിന്തുണക്കുന്നതിനും, 1967 ജൂൺ നാലിലെ അതിർത്തികളിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമാക്കി സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുമുള്ള പിന്തുണ, അന്താരാഷ്ട്ര നിയമസാധുത പ്രമേയങ്ങൾക്കും അറബ് സമാധാന സംരംഭത്തിനും അനുസൃതമായി, മേഖലയിൽ നീതിയുക്തവും സമഗ്രവുമായ സമാധാനം കൈവരിക്കൽ എന്നിവയും കുവൈത്ത് ആവർത്തിച്ചു.
ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബിയാണ് കഴിഞ്ഞ ദിവസം വിവാദ പ്രസ്ഥാവന നടത്തിയത്. ഖത്തർ, ഈജിപ്ത്, ജോർഡൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്താൻ, തുർക്കിയ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ലബനാൻ, സിറിയ, ഫലസ്തീൻ എന്നീ രാജ്യങ്ങളും സംഭവത്തിൽ അപലപിച്ചു. യു.എസ് അംബാസഡറുടെ പരാമർശങ്ങൾ അപകടകരവും പ്രകോപനപരവുമാണെന്ന് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

