ഉർദുഗാന് ഉൗഷ്മള സ്വീകരണം
text_fieldsകുവൈത്ത് സിറ്റി: ഔദ്യോഗിക സന്ദർശനത്തിനായെത്തിയ തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാന് കുവൈത്തിൽ ഉൗഷ്മള സ്വീകരണം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഉർദുഗാനും ഔദ്യോഗിക സംഘവും കുവൈത്തിലെത്തിയത്. തുർക്കി കമ്പനിയുടെ കൂടി സഹകരണത്തോടെ നിർമിക്കുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ രണ്ടാം ടെർമിനലിെൻറ തറക്കല്ലിടൽ ചടങ്ങിൽ സംബന്ധിക്കുന്നതിനുകൂടിയാണ് ഉർദുഗാൻ എത്തിയത്.
ഉർദുഗാനെ സ്വീകരിക്കാൻ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് ജാബിർ അൽ മുബാറക് അൽ ഹമദ് അസ്സബാഹ്, പാർലമെൻറ് സ്പീക്കർ മർസൂഖ് അൽ ഗാനിം, ദേശീയ ഗാർഡ് മേധാവി മിഷ്അൽ അൽ അഹ്മദ് അസ്സബാഹ് എന്നിവർ വിമാനത്താവളത്തിൽ എത്തിയിരുന്നു. തുർക്കി വിദേശകാര്യമന്ത്രി മൗലൂദ് തശാവൂശ് ഉഗ്ലു, ധനകാര്യമന്ത്രി നഹാദ് സൈബഖ്ജി, ഗതാഗത മന്ത്രി അഹ്ദ് അർസലാൻ എന്നിവരാണ് ഉർദുഗാെൻറ സംഘത്തിലുള്ളത്.
