ഐക്യരാഷ്ട്രസഭ പങ്കാളിത്തം; ഫലസ്തീൻ കുട്ടികൾക്ക് പിന്തുണ, ‘ഫുട്ബാൾ ഫോർ ഹ്യുമാനിറ്റി’യുമായി കുവൈത്ത്
text_fields‘ഫുട്ബാൾ ഫോർ ഹ്യുമാനിറ്റി’ സംഘാടകർ
കുവൈത്ത് സിറ്റി: ഫലസ്തീൻ കുട്ടികളെ പിന്തുണക്കുന്നതിനായി ഐക്യരാഷ്ട്രസഭയുടെ പിന്തുണയോടെ ‘ഫുട്ബാൾ ഫോർ ഹ്യുമാനിറ്റി’ സംരംഭവുമായി കുവൈത്ത്.
വിദേശകാര്യ മന്ത്രി അബ്ദുള്ള അൽ യഹ് യയുടെ രക്ഷാകർതൃത്വത്തിൽ യുനിസെഫ്, ഡബ്ല്യു.എച്ച്.ഒ, യുനെസ്കോ, കുവൈത്തിലെ യു.എൻ റസിഡന്റ് കോഓർഡിനേറ്ററുടെ ഓഫിസ് എന്നിവയുൾപ്പെടെ ഒമ്പത് എംബസികളുടെയും നാല് യു.എൻ സ്ഥാപനങ്ങളുടെയും സ്വകാര്യ മേഖലയുടെയും പിന്തുണയോടെയാണ് സംരംഭം.
യൂത്ത് ഫുട്ബാൾ ടൂർണമെന്റ്, ചാരിറ്റി ലേലം എന്നിവയിൽ നിന്നുള്ള വരുമാനം കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി വഴി ഫലസ്തീനിലെ കുട്ടികൾക്ക് അവശ്യസഹായം നൽകുന്നതിനായി കൈമാറും.
നവംബർ ആറ്, ഏഴ് ദിവസങ്ങളിൽ സുലൈബിഖാത്തിലെ ജാബിർ അൽ മുബാറക് സ്റ്റേഡിയത്തിലാണ് ഫുട്ബാൾ ടൂർണമെന്റ്. 32 ടീമുകളും ഒമ്പതു മുതൽ 11 വയസ്സ് വരെ പ്രായമുള്ള 256 ആൺകുട്ടികളും പെൺകുട്ടികളും ടൂർണമെന്റിൽ പങ്കെടുക്കും. കുടുംബങ്ങളെ ആകർഷിക്കുന്ന വിവിധ പരിപാടികളും, റീട്ടെയിൽ ഗ്രാമവും ഇവിടെ ഒരുക്കും.
കുവൈത്ത് വിദേശകാര്യ മന്ത്രാലയം, ഐക്യരാഷ്ട്രസഭ, ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള അംബാസഡർമാർ, മുതിർന്ന കുവൈത്ത് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന ട്രസ്റ്റി ബോർഡാണ് ഫുട്ബാൾ ഫോർ ഹ്യുമാനിറ്റിയെ നയിക്കുന്നത്. പ്രതിസന്ധികൾ നേരിടുന്ന കുട്ടികളെ പിന്തുണക്കുന്നതിനായി ഫുട്ബാളിന്റെ ഏകീകരണ ശക്തിയെ ഉപയോഗിക്കുക എന്നതാണ് ലക്ഷ്യം.
ഇനിയെസ്റ്റയുടെ ജഴ്സി വാങ്ങാം
‘ഫുട്ബാൾ ഫോർ ഹ്യുമാനിറ്റി’യുടെ ഭാഗമായി അൽ ഹംറ ഷോപ്പിങ് സെന്ററിൽ ഫുട്ബാളുമായി ബന്ധപ്പെട്ട എക്സ്ക്ലൂസിവ് ഇനങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
പങ്കെടുക്കുന്ന രാജ്യങ്ങളുടെ എംബസികൾ അവരുടെ ദേശീയ ടീമുകളിൽ നിന്നും ക്ലബുകളിൽനിന്നും നേരിട്ട് ശേഖരിച്ച ഇനങ്ങൾ ഇതിൽ ഉൾപ്പെടുന്നു. ബ്രസീലിന്റെയും ഇറ്റലിയുടെയും ദേശീയ ടീമുകൾ, ബ്രസീൽ താരം മാർക്വിൻ ഹോസ്, സ്പാനിഷ് ഇതിഹാസം ഇനിയസ്റ്റ എന്നിവരുടെ പ്രധാന സംഭാവനകളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു. ഇവരുടെ ജഴ്സികൾ, ഫുട്ബാളുമായി ബന്ധപ്പെട്ട മറ്റു വസ്തുക്കൾ എന്നിവ പ്രദർശനത്തിലുണ്ട്.
സന്ദർശകർക്ക് അൽ ഹംറ ഷോപ്പിങ് സെന്ററിൽ പ്രദർശനം കാണാനും നവംബർ ഏഴുവരെ ഓൺലൈൻ ചാരിറ്റി ലേലത്തിൽ പങ്കെടുക്കാനും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

