കരുത്തും മികവും അടയാളപ്പെടുത്തി ‘യൂനിയൻ- 25’ നാവികാഭ്യാസം
text_fields‘യൂനിയൻ- 25’ സംയുക്ത നാവികാഭ്യാസത്തിൽനിന്ന്
കുവൈത്ത് സിറ്റി: ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളുടെ കരുത്തും മികവും അടയാളപ്പെടുത്തി സംയുക്ത നാവികാഭ്യാസമായ ‘യൂനിയൻ- 25’ന് മുഹമ്മദ് അൽ അഹ്മദ് നാവിക താവളത്തിൽ സമാപനം. ജി.സി.സി അംഗരാജ്യങ്ങളിലെ നാവികസേനകളും സെക്രട്ടേറിയറ്റ് ജനറലും അഭ്യാസത്തിൽ പങ്കെടുത്തു. പ്രതിരോധമന്ത്രി ശൈഖ് അബ്ദുല്ല അലി അബ്ദുല്ല അൽ സാലിം അസ്സബാഹിന്റെ സാന്നിധ്യത്തിലായിരുന്നു സമാപനച്ചടങ്ങ്.
സമുദ്രസുരക്ഷ ശക്തിപ്പെടുത്തുന്നതിൽ ഏകീകൃത ഗൾഫ് പ്രതിരോധ സഹകരണം നിർണായകമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിവിധ ഫീൽഡ് സാഹചര്യങ്ങളും സംയുക്ത പ്രവർത്തനഘട്ടങ്ങളും അദ്ദേഹം നേരിൽ നിരീക്ഷിച്ചു.
അഭ്യാസം നാവികസേനകളുടെ പ്രവർത്തനശേഷിയും തന്ത്രപരമായ ഏകോപനവും ഉയർത്തിയതായി ചീഫ് ഓഫ് സ്റ്റാഫ് വിലയിരുത്തി. പ്രാദേശിക ജലസുരക്ഷയും ദേശീയ സാമ്പത്തിക താൽപര്യങ്ങളും സംരക്ഷിക്കാൻ ഗൾഫ് രാജ്യങ്ങൾ തയാറാകുന്നതിൽ നാവിക അഭ്യാസം വലിയ പങ്ക് വഹിച്ചെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
സംയുക്ത പ്രവർത്തന മാനേജ്മെന്റും സൈനിക സഹകരണവും ശക്തിപ്പെടുത്തുക എന്നതാണ് ‘യൂനിയൻ- 25’ അഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം.സമാപന ചടങ്ങിൽ പ്രതിരോധ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് ഡോ.അബ്ദുല്ല മിശ്അൽ അസ്സബാഹ്, നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ്, ഡെപ്യൂട്ടി ആർമി ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ പൈലറ്റ് സബാഹ് ജാബർ അൽ അഹ്മദ് അസ്സബാഹ്, ജനറൽ ഫയർഫോഴ്സ് മേധാവി മേജർ ജനറൽ തലാൽ അൽ റൗമി, ആഭ്യന്തര മന്ത്രാലയത്തിലെ അതിർത്തി സുരക്ഷ, തീരദേശ ഗാർഡ് മേഖല മേധാവി മേജർ ജനറൽ മജ്ബെൽ ബിൻ ഷാഖ്, വിവിധ സൈനിക അറ്റാഷെകളും മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

