രാജ്യത്ത് തടസ്സമില്ലാത്ത ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ ഉറപ്പാക്കും
text_fieldsആശയവിനിമയ, വിവര സാങ്കേതിക സഹമന്ത്രി ഉമർ അൽ ഉമറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: രാജ്യത്തെ ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ മികവോടെ പ്രവർത്തിക്കുന്നതായും എന്ത് സംഭവിച്ചാലും സേവനങ്ങൾ പ്രവർത്തനക്ഷമമാണെന്നും വ്യക്തമാക്കി അധികൃതർ. സഥിതിഗതികൾ വിലയിരുത്തുന്നതിനായി ആശയവിനിമയ, വിവര സാങ്കേതിക സഹമന്ത്രി ഉമർ അൽ ഉമർ ടെക് പ്രതിനിധികളുമായും സർക്കാർ ഏജൻസികളുമായും യോഗം നടത്തി.
നെറ്റ്‌വർക്ക് സ്ഥിരത ഉറപ്പാക്കുന്നതിനും സേവനങ്ങളിലെ സമ്മർദ്ദം വർധിക്കുന്നത് തടയുന്നതിനും അടിയന്തര പദ്ധതികൾ സജീവമാക്കുന്നതിനും കക്ഷികൾക്കിടയിൽ ഏകോപനം വർധിപ്പിക്കുന്നതിനുമുള്ള മുൻ ശ്രമങ്ങളുടെ തുടർച്ചയായാണ് യോഗമെന്ന് അൽ ഉമർ പറഞ്ഞു.
രാജ്യത്തിന്റെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചറിനെ പിന്തുണക്കുന്നതിൽ ടെലികോം കമ്പനികളുടെ സഹകരണത്തെ മന്ത്രി പ്രശംസിച്ചു. നെറ്റ്‌വർക്ക് ആവശ്യകതയിലെ പെട്ടെന്നുള്ള ആവശ്യങ്ങൾ, അപ്രതീക്ഷിത ഡിജിറ്റൽ അടിയന്തര സാഹചര്യങ്ങൾ എന്നിവക്ക് രാജ്യം സജ്ജമാണെന്ന് ഉറപ്പാക്കുക എന്നതായിരുന്നു യോഗത്തിന്റെ പ്രധാന ലക്ഷ്യം.
ഇന്റർനെറ്റ്, ഫോൺ സേവനങ്ങൾ 24 മണിക്കൂറും പൂർണ്ണ ശേഷിയിൽ തുടരുന്നത് ഉറപ്പാക്കുന്നതിന് നെറ്റ്‌വർക്കുകളിലെ അധിക സമ്മർദ്ദം എങ്ങനെ കൈകാര്യം ചെയ്യാമെന്നും യോഗം ചർച്ച ചെയ്തു. ആവശ്യമെങ്കിൽ സർക്കാർ ജീവനക്കാരെ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സഹായിക്കുന്നതിനുള്ള ഒരു സംരംഭവും സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്നോളജി ആരംഭിച്ചിട്ടുണ്ട്.
സർക്കാർ സേവനങ്ങൾ ഡിജിറ്റലായി തുടരാൻ കഴിയുമെന്ന് ഉറപ്പാക്കുന്നതിനായി മൈക്രോസോഫ്റ്റുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിനുശേഷം ഉമർ അൽ ഉമർ സമാനമായ നിരവധി യോഗങ്ങൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

