വീട്ടിൽ ഭൂഗർഭ മദ്യനിർമാണ കേന്ദ്രം, ബസിൽ വിൽപന; വൻതോതിൽ മദ്യവുമായി പ്രവാസി പിടിയിൽ
text_fieldsകുവൈത്ത് സിറ്റി: ആളൊഴിഞ്ഞ വീട് കേന്ദ്രീകരിച്ച് മദ്യം നിർമിക്കുകയും വിൽപന നടത്തുകയും ചെയ്ത കേസിൽ പ്രവാസി പിടിയിൽ. പരിശോധനയിൽ വൻ തോതിൽ മദ്യവും പിടിച്ചെടുത്തു. സബാഹ് അൽ സാലിം പ്രദേശത്തെ വീട്ടിൽ അനധികൃത മദ്യ നിർമാണം നടക്കുന്നതായ സൂചനയെ തുടർന്ന് പൊതുസുരക്ഷ വിഭാഗം നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്.
ആളില്ലാത്ത ഒരു വീട്ടിൽ ഏഷ്യൻ പൗരന്മാർ സന്ദർശിക്കുന്നതായ റിപ്പോർട്ടുകളെ തുടർന്ന് ഇവിടം അധികൃതരുടെ നിരീക്ഷണത്തിലായിരുന്നു. പട്രോളിങ്ങും ശക്തമാക്കിയിരുന്നു. ഇതിനിടെ ഒരു ഏഷ്യൻ പൗരൻ ഓടിച്ചിരുന്ന ബസ് പുറത്തേക്ക് വരുന്നത് ഉദ്യോഗസ്ഥർ നിരീക്ഷിച്ചു. ബസിൽ സുരക്ഷ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ മദ്യ വിതരണത്തിനെന്ന് സംശയിക്കുന്ന 1160 പ്ലാസ്റ്റിക് കുപ്പികൾ കണ്ടെത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.
പ്രതിയുമായി വീട്ടിൽ നടത്തിയ പരിശോധനയിൽ ഭൂഗർഭ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. മൂന്ന് മദ്യ വാറ്റ് യൂനിറ്റുകൾ, 210 ബാരൽ പ്രാദേശികമായി വാറ്റിയെടുത്ത മദ്യം, 20 ഒഴിഞ്ഞ ബാരലുകൾ എന്നിവയും കണ്ടെത്തി. പിടിച്ചെടുത്ത വസ്തുക്കൾ സഹിതം പ്രതിയെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. സംഭവത്തിൽ വിശദ അന്വേഷണം തുടരുകയാണെന്നും ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
മദ്യ ഉൽപാദനവും വിതരണവും ശക്തമായി നേരിടുമെന്നും, പൊതുസുരക്ഷക്ക് ഭീഷണിയാകുന്നതും നിയമ ലംഘനങ്ങളും റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

