അനധികൃത വിസ ഇടപാട്: പൗരന് അഞ്ചുവർഷം തടവ്
text_fieldsrepresentational image
കുവൈത്ത് സിറ്റി: കുടിയേറ്റ തൊഴിലാളികൾക്കായി അനധികൃതമായി വിസ ഇടപാട് നടത്തിയതിന് പൗരന് അഞ്ചുവർഷം തടവുശിക്ഷ വിധിച്ചതായി കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്ത് വാർത്ത വെബ്സൈറ്റായ മീഡിയ കോർട്ട് പറയുന്നതനുസരിച്ച്, ഈജിപ്ഷ്യൻ പ്രവാസികളുടെ പണം തട്ടിയെടുക്കുകയും വ്യാജ രേഖകൾ ഉണ്ടാക്കുകയുംചെയ്ത കുറ്റത്തിനാണ് ഇയാൾ ശിക്ഷിക്കപ്പെട്ടത്. അതേസമയം, കേസിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമല്ല.
കോവിഡ് പൊട്ടിപ്പുറപ്പെട്ടതു മുതൽ കുവൈത്തിൽ വിദേശ തൊഴിലന്വേഷകർക്കായി വ്യാജ വിസകൾ എത്തിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വീട്ടുജോലിക്കാർ, അവിദഗ്ധ, അർധ വൈദഗ്ധ്യ തൊഴിലാളികൾ എന്നിവരെ റിക്രൂട്ട്മെന്റ് ഏജൻസികൾ കബളിപ്പിച്ച് പണം കൈക്കലാക്കുകയും വ്യാജവിസ നൽകുകയുമാണ് രീതി. ഈ വിഷയത്തിൽ നിരവധി പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അടുത്തിടെ, ആന്ധ്രപ്രദേശിൽ കുവൈത്തിലേക്കുള്ള 27,000 വ്യാജ വിസകൾ കണ്ടെത്തിയിരുന്നു. ഈ വർഷം ജനുവരി മുതൽ ഏപ്രിൽവരെ കുവൈത്തിൽനിന്ന് ഇഷ്യൂ ചെയ്തെന്ന് കരുതപ്പെടുന്ന 37,208 വിസകൾ പരിശോധിച്ചപ്പോഴാണ് ഇവയിൽ വ്യാജൻ കയറിക്കൂടിയതായി തെളിഞ്ഞത്. 37,208 വിസകൾ പരിശോധിച്ചതിൽ 10,280 എണ്ണത്തിന് മാത്രമേ സാധുതയുള്ളൂ എന്ന് കണ്ടെത്തുകയായിരുന്നു.
ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനായി കുവൈത്ത് അനധികൃത വിദേശികൾക്കെതിരെയുള്ള നടപടി ശക്തമാക്കിയിട്ടുണ്ട്. വിസിറ്റ് വിസയിൽ രാജ്യത്ത് വന്ന് നിയമങ്ങൾ ലംഘിക്കാത്ത വിദേശികളുടെ സ്പോൺസർമാർക്ക് പിഴ ചുമത്തിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സ്പോൺസർമാർക്ക് രണ്ടുവർഷത്തേക്ക് സ്പോൺസർഷിപ് വിസ ലഭിക്കുന്നതിൽ നിന്ന് വിലക്കേർപ്പെടുത്തിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

