അനധികൃത കാർഷെഡുകൾ പൊളിക്കും
text_fieldsകുവൈത്ത് സിറ്റി: റോഡിലേക്ക് ഇറക്കിക്കെട്ടിയ കാർഷെഡുകൾ പൊളിച്ചുനീക്കാൻ കുവൈത്ത് മുനിസിപ്പാലിറ്റി കാമ്പയിൻ ആരംഭിച്ചു. ഫർവാനിയ, ഹവല്ലി ഗവർണറേറ്റുകളിൽ നിരവധി ഷെഡുകൾ പൊളിച്ചു. പൊതുസ്ഥലത്ത് അനധികൃതമായി നിർമിച്ച പൂന്തോട്ടങ്ങളും നീക്കും. റിയൽ എസ്റ്റേറ്റ് അതിർത്തിക്ക് പുറത്ത് കാർ ഷെഡുകൾ നിർമിക്കുന്നത് മുനിസിപ്പൽ അനുമതിയോടെയാവണം.
മൂന്ന് ദീനാറാണ് ഈ ലൈസൻസ് ലഭിക്കാനുള്ള ഫീസ്. മതിയായ നിബന്ധനകൾ പാലിച്ചുകൊണ്ട് വിദേശികൾക്കും കാർ ഷെഡിനുള്ള അനുമതി കരസ്ഥമാക്കാം. അനുമതി കൂടാതെ സ്ഥാപിക്കപ്പെടുന്ന ഷെഡുകൾ വീടുകൾക്ക് മുന്നിലായാലും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് മുന്നിലായാലും ഫ്ലാറ്റുകളോടനുബന്ധിച്ചുള്ളതായാലും പൊളിച്ചുമാറ്റും. അനധികൃത ഷെഡുകളുടെ ഉടമകൾക്ക് ആദ്യം മുന്നറിയിപ്പ് നോട്ടീസ് നൽകും.
നിശ്ചിത സമയത്തിനകം പൊളിച്ചുമാറ്റിയില്ലെങ്കിൽ ഉടമയുടെ ചെലവിൽ കൈയേറ്റ വിരുദ്ധ വിഭാഗം പൊളിക്കും.കാർഷെഡ് നിർമിക്കുന്നതിനുള്ള അനുമതിക്ക് കെട്ടിട ഉടമയോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപ്പാർട്മെൻറുകളിൽ താമസിക്കുന്ന ചിലർ മുനിസിപ്പൽ അനുമതി കൂടാതെ സ്വന്തം വാഹനം പാർക്ക് ചെയ്യുന്നതിന് ഷെഡുകൾ നിർമിക്കാറുണ്ട്. മറ്റു താമസക്കാർക്ക് പ്രയാസം ഉണ്ടാക്കുന്നതിനാൽ ഇത്തരം പ്രവണതകൾക്കെതിരെയും നടപടി സ്വീകരിക്കും. സ്വകാര്യ പാർപ്പിട മേഖല, ജംഇയ്യകൾ, സ്കൂളുകൾ, പൊതു പാർക്കുകൾ എന്നിവയോടനുബന്ധിച്ച് കാർ ഷെഡുകൾ നിർമിക്കണമെങ്കിലും മുനിസിപ്പൽ അനുമതി വാങ്ങിയിരിക്കണം.

