കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങളെ അഭിനന്ദിച്ച് യു.എൻ പ്രതിനിധി
text_fieldsഘാദ അൽ തഹർ
കുവൈത്ത് സിറ്റി: കുവൈത്തിന്റെ മാനുഷിക പ്രവർത്തനങ്ങളെയും സംഘർഷങ്ങൾ പരിഹരിക്കുന്നതിലുള്ള പ്രധാന പങ്കിനെയും അഭിനന്ദിച്ചു കുവൈത്തിലെ യു.എൻ സെക്രട്ടറി ജനറൽ പ്രതിനിധി ഘാദ അൽ തഹർ. മാനുഷിക മേഖലയിൽ, അന്തരിച്ച അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പാത പിന്തുടരുകയാണ് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹും കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹുമെന്ന് അവർ പറഞ്ഞു.
ലോകമെമ്പാടുമുള്ള ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിലും പ്രത്യേകിച്ച് ആശുപത്രികളിലും സ്കൂളുകളിലും അടിസ്ഥാന സൗകര്യ വികസനത്തിന് പിന്തുണ നൽകുന്നതിലും കുവൈത്ത് എല്ലായ്പോഴും മുൻനിരയിലുണ്ട്. കുവൈത്ത് അതിന്റെ വിഷൻ-2035 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും യു.എൻ കമ്യൂണിറ്റിയിലെ സജീവ അംഗമാണെന്നും അവർ കൂട്ടിച്ചേർത്തു.
മിഡിൽ ഈസ്റ്റിലെയും ലോകമെമ്പാടുമുള്ള സംഘർഷങ്ങൾ പരിഹരിക്കുന്നതിലും ചർച്ചകളിലൂടെ ഇടനിലക്കാരനായും കുവൈത്ത് പ്രധാന പങ്കുവഹിക്കുന്നു. സിറിയ, യമൻ പ്രശ്നങ്ങൾ പരിഹരിക്കാനും ഗൾഫ് പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള കുവൈത്തിന്റെ ശ്രമങ്ങളെക്കുറിച്ചും ഘാദ അൽ തഹർ പരാമർശിച്ചു.
2024-26ലെ യു.എൻ മനുഷ്യാവകാശ കൗൺസിൽ അംഗത്വം ലഭിച്ചതിന് കുവൈത്തിനെ അഭിനന്ദിച്ചു. ഗസ്സയിലേക്കുള്ള കുവൈത്ത് മാനുഷിക സഹായത്തെ അവർ അഭിനന്ദിച്ചു. ചുഴലിക്കാറ്റിന്റെ കെടുതികൾ പരിഹരിക്കാൻ ലിബിയയിലേക്ക് സഹായം അയച്ചതും കൂട്ടിച്ചേർത്തു.
ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ രണ്ടു ദശലക്ഷത്തോളം ആളുകൾ വൈദ്യുതിയും വെള്ളവും ഭക്ഷണവും ഇല്ലാതെ ഉപരോധത്തിൽ കഴിയുകയാണെന്ന് അവർ ഉണർത്തി. ആശുപത്രികൾ പ്രവർത്തനരഹിതമായെന്നും യു.എന്നിന് 29 ജീവനക്കാരെ നഷ്ടപ്പെട്ടതായും കൂട്ടിച്ചേർത്തു. ഗസ്സയിൽ ഉടനടി വെടിനിർത്തൽ വേണമെന്നും തടവുകാരെ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. കുട്ടികളും സ്ത്രീകളും കൊല്ലപ്പെടുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും അൽ തഹർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

