മലയാളക്കടൽ; മുഖ്യമന്ത്രിക്ക് കുവൈത്ത് മലയാളികളുടെ സ്വീകരണം
text_fieldsമൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി കുവൈത്തിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് കുവൈത്ത് മലയാളികളുടെ ആവേശോജ്ജ്വല സ്വീകരണം. വെള്ളിയാഴ്ച വൈകീട്ട് മൻസൂരിയയിലെ അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ ആയിരങ്ങൾ ഒത്തുചേർന്നു. മുഖ്യമന്ത്രി കുവൈത്തിലെ മലയാളികളെ അഭിസംബോധന ചെയ്തു. പ്രവാസികൾക്കായി സര്ക്കാര് ഒരുക്കിയ പദ്ധതികൾ വിശദീകരിച്ചു. സാംസ്കാരിക മന്ത്രി സജി ചെറിയാനും മലയാളികളെ അഭിസംബോധന ചെയ്തു.

മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി അധ്യക്ഷത വഹിച്ചു. ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വ്യവസായി എം.എ. യൂസുഫലി, സ്വാഗത സംഘം ചെയർമാൻ ഡോ. അമീർ, മലയാളം മിഷൻ പ്രതിനിധി ശ്രീഷ എന്നിവർ സംസാരിച്ചു. ടി.വി. ഹിക്മത്ത് സ്വാഗതവും മണിക്കുട്ടൻ എടക്കാട്ട് നന്ദിയും പറഞ്ഞു. സ്വീകരണത്തോടനുബന്ധിച്ച് മൻസൂരിയ അൽ അറബി സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിൽ മൃദുല വാര്യരുടെയും സംഘത്തിന്റെയും ഗാനസന്ധ്യയും നടന്നു. ഗൾഫ് പര്യടനത്തിന്റെ ഭാഗമായി വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി കുവൈത്തിൽ എത്തിയത്. വ്യാഴാഴ്ച കുവൈത്ത് ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിരുന്നു. കുവൈത്ത് ധന മന്ത്രിയും കുവൈത്ത് ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാനുമായ ഡോ. സബീഹ് അൽ മുഖൈസിമുമായും ചർച്ച നടത്തി. ബഹ്റൈൻ, ഒമാൻ, ഖത്തർ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷമാണ് മുഖ്യമന്ത്രി കുവൈത്തിലെത്തിയത്. കുവൈത്തിൽനിന്ന് വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി യു.എ.ഇയിലേക്ക് തിരിച്ചു. ശനി, ഞായർ ദിവസങ്ങളിൽ യു.എ.ഇയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.
പ്രവാസികളുടെ വിഷയങ്ങളിൽ സാധ്യമായ ഇടപെടലുകൾ നടത്തും -മുഖ്യമന്ത്രി
കുവൈത്ത് സിറ്റി: പ്രവാസികളുടെ വിഷയങ്ങളിൽ സർക്കാറിന് സാധ്യമായ പരിധിക്കുള്ളിൽനിന്ന് പരമാവധി ഇടപെടലുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.ഐ.ആർ നടപ്പിലാക്കരുതെന്ന് കേരളത്തിലെ ഭരണ, പ്രതിപക്ഷ കക്ഷികൾക്ക് ഏകാഭിപ്രായമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കുവൈത്തിൽ മലയാളി സംഘടന പ്രതിനിധികളുമായും സാമൂഹിക, സാംസ്കാരിക രംഗത്തുള്ളവരുമായും നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ജുമൈറ മെസില്ല ബീച്ച് ഹോട്ടലിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിദേശ എയർലൈൻ സർവിസുകൾക്കുള്ള അനുമതി ഉറപ്പാക്കൽ, സേവനം നിർത്തിയ എയർ ഇന്ത്യ എക്സ്പ്രസിന്റെ നടപടി തിരുത്തൽ, ഉത്സവ സീസണുകളിൽ വിമാന കമ്പനികൾ നിരക്ക് വർധിപ്പിക്കുന്ന പ്രവണത തടയാൻ കേന്ദ്രതലത്തിൽ ശക്തമായ ഇടപെടൽ, കേരളത്തിൽ എസ്.ഐ.ആർ നടപ്പാക്കുന്നത് ഒഴിവാക്കൽ, പ്രവാസികൾക്ക് സുരക്ഷിതമായി ചെറിയ തുകകളിൽ നിക്ഷേപിച്ച് സംസ്ഥാന പദ്ധതികളിൽ നേരിട്ട് പങ്കാളികളാകാൻ കഴിയുന്ന ‘മൈക്രോ ഇൻവെസ്റ്റ് പ്ലാൻ’ പോലുള്ള പ്രാദേശിക നിക്ഷേപ മാതൃകകൾക്ക് സർക്കാറിന്റെ പിന്തുണ ഉറപ്പാക്കൽ എന്നിവ പ്രതിനിധികൾ ഉന്നയിച്ചു.
എയർ ഇന്ത്യ എക്സ്പ്രസുമായി നടത്തിയ ചർച്ചകളിൽ സർവിസ് കുറച്ച നടപടി പിൻവലിക്കാനും ബുക്കിങ് പുനരാരംഭിക്കാനുമുള്ള ഉറപ്പുകൾ ആദ്യം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് പിന്നോട്ട് പോയതായും ഈ നിലപാട് തിരുത്തേണ്ടതുണ്ടെന്നും അതിനായി ഇടപെടലുകൾ ആരംഭിച്ചിരിക്കുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
മുടങ്ങിക്കിടന്ന പല പദ്ധതികളും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ നടപ്പാക്കി. സർക്കാർ, പദ്ധതികൾക്ക് തടസ്സം നിൽക്കാനല്ലെന്നും പദ്ധതികൾ പൂർത്തീകരിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇടത് സർക്കാർ അതാണ് ചെയ്തത്.
കിഫ്ബിയിലൂടെ നാടിന്റെ വികസനത്തിനുള്ള ഫണ്ട് കണ്ടത്തുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകും യോഗത്തിൽ പങ്കെടുത്തു. മലയാളം മിഷൻ കുവൈത്ത് ചാപ്റ്റർ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു.
യു.ഡി.എഫ് വഞ്ചനദിനം ആചരിച്ചു
കുവൈത്ത് സിറ്റി: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദർശനദിനം കുവൈത്തിലെ യു.ഡി.എഫ് പ്രവർത്തകർ വഞ്ചനദിനമായി ആചരിച്ചു.ഫർവാനിയ്യ കുവൈത്ത് കെ.എം.സി.സി ഓഫിസിൽ നടന്ന ചടങ്ങ് കെ.എം.സി.സി സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനംചെയ്തു. ഒ.ഐ.സി.സി ആക്ടിങ് പ്രസിഡന്റ് സാമുവൽ ചാക്കോ കാട്ടൂർ കളിയിക്കൽ അധ്യക്ഷത വഹിച്ചു. ഹാരിസ് വള്ളിയോത്ത്, ബി.എസ്. പിള്ള, നിസാം എം.എ, റഊഫ് മഷ്ഹൂർ തങ്ങൾ, ഫാറൂഖ് ഹമദാനി എന്നിവർ സംസാരിച്ചു.

പ്രവാസികൾക്കായി പ്രഖ്യാപിച്ച ഒരു വാഗ്ദാനവും പാലിക്കാത്ത ഇടതുപക്ഷ സർക്കാർ തെരഞ്ഞെടുപ്പ് അടുത്തഘട്ടത്തിൽ നടത്തുന്ന രാഷ്ട്രീയ നാടകമാണ് മുഖ്യമന്ത്രിയുടെ കുവൈത്ത് സന്ദർശനമെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടി. കെ.എം.സി.സി ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ഒ.ഐ.സി.സി സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു. കുവൈത്ത് കെ.എം.സി.സിയുടെയും ഒ.ഐ.സി.സിയുടെയും നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

