അമീർ അധികാരമേറ്റ് രണ്ടു വർഷം
text_fieldsഅമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ
അസ്സബാഹ്
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നേതൃത്വത്തിന് രണ്ടാണ്ട്. 2023 ഡിസംബർ 20നാണ് കുവൈത്തിന്റെ 17ാമത് അമീറായി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അധികാരമേറ്റത്. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബർ അസ്സബാഹിന്റെ വിയോഗത്തിന് പിറകെ ശൈഖ് മിശ്അലിനെ പിന്തുടർച്ചാവകാശ നിയമത്തിന് അനുസൃതമായി രാജ്യത്തിന്റെ പുതിയ അമീറായി തെരഞ്ഞെടുക്കുകയായിരുന്നു.
പുതിയ അമീറിന് കീഴിൽ രണ്ടു വർഷം പൂർത്തിയാകുമ്പോൾ വികസനത്തിന്റെയും പുരോഗതിയുടെയും രണ്ടു വർഷങ്ങൾ ആഘോഷിക്കുകയാണ് കുവൈത്ത്. സാമ്പത്തിക വളർച്ച, അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൈസേഷൻ, സുതാര്യത, അഴിമതിക്കെതിരെ പോരാടൽ എന്നിവക്ക് ഇതിനിടെ അമീർ ഊന്നൽ നൽകി.
യുവജന ശാക്തീകരണം, സ്ത്രീ അവകാശങ്ങൾ, ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ എന്നിവക്കായും ഇടപെടലുകൾ നടത്തി.
ഔദ്യോഗിക സന്ദർശനങ്ങളിലൂടെയും ജി.സി.സി ഉച്ചകോടിക്ക് ആതിഥേയത്വം വഹിച്ചതിലൂടെയും ഗൾഫ് ഐക്യം ശക്തിപ്പെടുത്തി. ഫലസ്തീൻ ഉൾപ്പെടെയുള്ള അറബ്, അന്താരാഷ്ട്ര വിഷയങ്ങളിൽ സഹകരണത്തിന്റെയും ഐക്യത്തിന്റെയും ഉറച്ച നിലപാടും കൈക്കൊണ്ടു.
ആശംസകൾ അറിയിച്ച് അംബാസഡർമാർ
കുവൈത്ത് സിറ്റി: അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ സ്ഥാനാരോഹണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലോക രാജ്യങ്ങളിൽ നിന്നുള്ള അഭിനന്ദന പ്രവാഹം.
കുവൈത്തിലെ വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ അമീറിന്റെ വിവേകപൂർവമായ നേതൃത്വത്തെ ഉയർന്ന നിലയിൽ പ്രശംസിച്ചു. രാഷ്ട്രീയ സ്ഥിരതയും സമതുലിതമായ നയതന്ത്ര സമീപനവും കുവൈത്തിന്റെ അന്തർദേശീയ സ്ഥാനം ശക്തിപ്പെടുത്തിയതായി അംബാസഡർമാർ വിലയിരുത്തി.
ഗൾഫ് സഹകരണം ശക്തിപ്പെടുത്തുന്നതിലും പ്രാദേശിക സമാധാനം ഉറപ്പാക്കുന്നതിലും അമീറിന്റെ നേതൃത്വത്തിന് നിർണായക പങ്കുണ്ടെന്നും അവർ വ്യക്തമാക്കി. മാനുഷിക സഹായങ്ങളിലും വികസന പ്രവർത്തനങ്ങളിലുമുള്ള കുവൈത്തിന്റെ സജീവ ഇടപെടലുകൾ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമാണെന്നും അഭിപ്രായപ്പെട്ടു.
ഫലസ്തീൻ വിഷയത്തിൽ കുവൈത്തിന്റെ അചഞ്ചലമായ നിലപാടിനും അമീറിന്റെ വ്യക്തമായ പിന്തുണക്കും പ്രത്യേക പ്രശംസ ഉയർന്നു. സമതുലിത വിദേശനയത്തിലൂടെ കുവൈത്ത് ആഗോള വേദിയിൽ ശക്തമായ സാന്നിധ്യം ഉറപ്പാക്കിയതായും അംബാസഡർമാർ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ ആഭ്യന്തര സ്ഥിരതയും വികസനവും തുടരുമെന്ന പ്രത്യാശയും പങ്കുവെച്ചു.
അമീറിന്റെ തുടർച്ചയായ ആരോഗ്യത്തിനും ക്ഷേമത്തിനും, കുവൈത്ത് ജനതയുടെ സമൃദ്ധിക്കും ആശംസകളുമായാണ് സന്ദേശങ്ങൾ അവസാനിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

