20 രാജ്യങ്ങൾ, 22 ദിവസം... ചുറ്റിക്കറങ്ങി രണ്ട് കുവൈത്ത് മലയാളികൾ
text_fieldsറബ്ഷിദും, അൽത്താഫും
കോഴിക്കോട് മൂടാടി സ്വദേശിയായ റബ്ഷിദ് ഹസ്സൻ കുവൈത്ത് ഗൾഫ് ബാങ്ക് മാനേജറാണ്. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ അൽത്താഫ് ഹസ്സൻ കുവൈത്തിൽ സെയിൽസ് മാനേജറാണ്
കുവൈത്ത് സിറ്റി: 20 രാജ്യങ്ങൾ, 14,370 കിലോമീറ്റർ ദൂരം കരമാർഗ്ഗം 22 ദിവസം. യാത്രയെ സ്നേഹിക്കുന്ന കുവൈത്തിലെ രണ്ടു മലയാളികൾ- റബ്ഷിദും, അൽത്താഫും കുവൈത്തിൽ നിന്ന് യാത്ര തുടങ്ങിയ ഇരുവരും നേരെ ഇറാഖിലേക്കും തുടർന്ന് തുർക്കിയിലൂടെ സഞ്ചരിച്ച് യൂറോപ്പിൽ പ്രവേശിച്ചു. തുടർന്ന് മധ്യ-കിഴക്കൻ യൂറോപ്പിലൂടെയും ബാൾക്കൻ മേഖലയിലൂടെയും യാത്ര ചെയ്ത് ബെർലിൻ വരെ എത്തി. അവിടെ നിന്ന് തെക്കുകിഴക്കൻ യൂറോപ്പിലൂടെ തിരികെ സഞ്ചരിച്ച് ഒടുവിൽ കുവൈത്തിൽ തിരിച്ചെത്തുകയായിരുന്നു.
ഇതിനിടെ കുവൈത്ത്, ഇറാഖ്, തുർക്കിയ, ബൾഗേറിയ, റൊമാനിയ, ഹംഗറി, സ്ലൊവാക്യ, പോളണ്ട്, ജർമ്മനി, ചെക്കിയ, ഓസ്ട്രിയ, സ്ലൊവേനിയ, ക്രൊയേഷ്യ, സെർബിയ, ബോസ്നിയ ആൻഡ് ഹെർസെഗോവിന, മോണ്ടിനെഗ്രോ, കൊസോവോ, നോർത്ത് മാസിഡോണിയ, അൽബേനിയ, ഗ്രീസ് എന്നിവ സന്ദർശിച്ചു.
ഈ പര്യടനത്തിൽ അന്താരാഷ്ട്ര കര അതിർത്തികൾ കടക്കൽ, വിസയും വാഹന രേഖകളും സംബന്ധിച്ച നടപടിക്രമങ്ങൾ, അപരിചിതമായ റോഡ്, മാറിക്കൊണ്ടിരിക്കുന്ന ഭാഷകളും സംസ്കാരങ്ങളും, വാഹനത്തകരാറുകൾ, നീണ്ട യാത്രാദിവസങ്ങൾ, ഇന്ധന ലഭ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികൾ, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെട്ടതായിരുന്നു യാത്രയെന്ന് ഇരുവരും പറഞ്ഞു.
ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് വെറുതെ യാത്ര ചെയ്യുന്നതിലുപരി, യാത്രക്കിടയിലുള്ള അനുഭവങ്ങൾക്കാണ് ഇരുവരും പ്രാധാന്യം നൽകിയത്. അതിർത്തികളിലും വഴിയോരങ്ങളിലും കണ്ടുമുട്ടിയവരുമായുള്ള സംഭാഷണങ്ങൾ, പ്രാദേശിക ഭക്ഷണവിഭവങ്ങൾ കണ്ടെത്തൽ, അപരിചിതമായ സ്ഥലങ്ങളിലൂടെയുള്ള സഞ്ചാരം, സംസ്കാരങ്ങളിലും ഭൂപ്രകൃതിയിലുമുള്ള മാറ്റങ്ങൾ നേരിട്ടറിയൽ ഇവയെല്ലാം ആയിരുന്നു യാത്രയുടെ ലക്ഷ്യം.
കോഴിക്കോട് മൂടാടി സ്വദേശിയായ റബ്ഷിദ് ഹസ്സൻ കുവൈത്ത് ഗൾഫ് ബാങ്ക് മാനേജറാണ്. തൃശ്ശൂർ ചാവക്കാട് സ്വദേശിയായ അൽത്താഫ് ഹസ്സൻ കുവൈത്തിൽ സെയിൽസ് മാനേജറാണ്.

