എണ്ണഖനന കേന്ദ്രത്തിലെ അപകടം; നിഷിലിനും സുനില്‍ സോളമനും ഇനി നാട്ടിൽ അന്ത്യനിദ്ര
text_fieldsസുനില്‍ സോളമന്, നിഷില്‍ സദാനന്ദന്
കുവൈത്ത് സിറ്റി: അബ്ദല്ലിയിലെ എണ്ണഖനന കേന്ദ്രത്തിലെ അപകടത്തിൽ മരിച്ച മലയാളികളായ നിഷില്‍ സദാനന്ദന്, സുനില്‍ സോളമന് എന്നിവർക്ക് ഇനി നാട്ടിൽ അന്ത്യനിദ്ര.
നടപടികൾ പൂർത്തിയാക്കി ഇരുവരുടെയും മൃതദേഹങ്ങൾ വെള്ളിയാഴ്ച രാത്രി നാട്ടിലേക്കു കൊണ്ടുപോയി. തൃശൂര്‍ സ്വദേശി നടുവിലെ പറമ്പില്‍ നിഷില്‍ സദാനന്ദന്റെ മൃതദേഹം കൊച്ചിയിലേക്കും സുനില്‍ സോളമന്റെ മൃതദേഹം തിരുവനന്തപുരത്തേക്കുമാണ് എത്തിച്ചത്.
ഇവിടെനിന്ന് വീട്ടിലിലെത്തിക്കുന്ന മൃതദേഹങ്ങൾ ആചാരപ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും. വെള്ളിയാഴ്ച സബാഹ് മോർച്ചറിയിൽ പൊതുദർശനത്തിന് വെച്ച മൃതദേഹം കാണാൻ കുവൈത്ത് പ്രവാസി സമൂഹത്തിൽനിന്ന് നിരവധി പേർ എത്തി. ബുധനാഴ്ച രാവിലെ ഏഴുമണിയോടെയാണ് ഇരുവരും ജോലി ചെയ്തിരുന്ന റിഗിൽ അപകടം സംഭവിച്ചത്. ജോലി ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ തലക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടര്‍ന്നാണ് മരണം. ഇരിങ്ങാലക്കുട തുറവൻകാട് സ്വദേശി നടുവിലപറമ്പിൽ സദാനന്ദന്റെയും സുനന്ദയുടെയും മകനാണ് നിഷിൽ സദാനന്ദൻ. ഗർഭിണിയായ ഭാര്യയെ കാണാൻ നിഷില്‍ ഈ ആഴ്ച നാട്ടിൽ പോകാനിരിക്കെയാണ് ദുരന്തം.
17ന് നാട്ടിലേക്കുള്ള ടിക്കറ്റെടുത്തിരുന്നു. അഞ്ചു വർഷത്തോളമായി നിഷിൽ കുവൈത്തിലെ റിഗ്ഗിലെ ജോലി ചെയ്ത് വരികയാണ്. കൊല്ലം ശാസ്താംകോട്ട സ്വദേശിയാണ് സുനില്‍ സോളമന്. ഈ ആഴ്ച നാട്ടിൽ പോകാൻ സുനിലും തയാറെടുപ്പുകൾ നടത്തിവരുകയായിരുന്നു. അതിനിടെയാണ് അപകടം. സുനില്‍ സോളമന്റെ ഭാര്യ സജിത കുവൈത്തിൽ ഹെൽപ്പറായി ജോലിചെയ്യുകയാണ്. ഇവരും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

