കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്തിയ കേസിൽ രണ്ട് പ്രവാസികൾക്ക് വധശിക്ഷ
text_fieldsകുവൈത്ത് സിറ്റി: മാരകമായ മയക്കുമരുന്നുകൾ കുവൈത്തിലേക്ക് കടത്തിയ കേസിൽ രണ്ട് പ്രവാസികൾക്ക് വധശിക്ഷ. കുവൈത്ത് ക്രിമിനൽ കോടതിയുടേതാണ് വിധി. ആഗസ്റ്റിൽ കൈഫാനിലും ഷുവൈഖിലുമുള്ള റെസിഡൻഷ്യൽ ഏരിയകളിൽ സുരക്ഷാസേന നടത്തിയ പരിശോധനയിൽ വൻതോതിലുള്ള ലഹരിമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തിരുന്നു.
അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായ പ്രതികളിൽ നിന്ന് 14 കിലോഗ്രാം ഹെറോയിനും എട്ടു കിലോ ക്രിസ്റ്റൽ മെത്താംഫെറ്റാമിനും തൂക്കം നോക്കുന്ന രണ്ട് ഇലക്ട്രോണിക് മെഷീനുകളും കണ്ടെടുത്തു. കുവൈത്തില്‍ വിതരണം ചെയ്യാനായി രാജ്യത്തിന് പുറത്തുള്ള സംഘത്തില്‍ നിന്നാണ് ഇരുവരും ലഹരിമരുന്ന് എത്തിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അതേസമയം, വധശിക്ഷക്ക് വിധിച്ചവർ ഇന്ത്യക്കാരാണെന്ന് അറബ്ടൈംസ് റിപ്പോർട്ട് ചെയ്തു. ഇവർ ഇന്ത്യയിൽ ഏത് സംസ്ഥാനത്ത് നിന്നുള്ളവരാണെന്ന വിവരം വെളിപ്പെടുത്തിയിട്ടില്ല.
രാജ്യത്ത് ലഹരി കടത്ത്, കൈമാറ്റം, ഉപയോഗം എന്നിവക്കെതിരെ ശക്തമായ നടപടികളും പരിശോധനകളും തുടരുകയാണ്. ലഹരി കേസുകളിൽ കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന പുതിയ ലഹരി മരുന്ന് നിയമവും പ്രാബല്യത്തിലുണ്ട്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹിന്റെ നേതൃത്വത്തിൽ രാജ്യത്ത് ലഹരി മാഫിയക്കെതിരെ ശക്തമായ നടപടിയാണ് നടന്നുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

